പാലക്കാട് : പട്ടാമ്പി മുതുതല-പള്ളിപ്പുറം റോഡിലൂടെയുള്ള ഗതാഗതം യാത്രക്കാർക്ക് അപകട ഭീഷണിയാവുന്നു.
റബറൈസ് പ്രവർത്തികളുടെ ഭാഗമായി
അഴുക്കുചാൽ നവീകരിക്കാനായി കാരക്കുത്ത് നാലങ്ങാടിയിൽ റോഡ് പൂർണമായും അടയ്ക്കുകയുംചെയ്തു. റോഡ് അടച്ചതോടെ സമീപത്തെ പാടശേഖരത്തിലൂടെയാണ് താത്കാലിക യാത്രയ്ക്ക് സൗകര്യമൊരുക്കിയിട്ടുള്ളത്.
മാർച്ച് അവസാന വാരം മുതൽ എല്ലാ വാഹനങ്ങളും ഈ താൽക്കാലിക വഴിയിലൂടെ ആണ് സഞ്ചരിച്ചിരുന്നത്.
ആ സമയത്ത് തന്നെ വാഹനങ്ങൾ പോകുമ്പോഴുള്ള രൂക്ഷമായ പൊടിശല്യം ഉണ്ടായിരുന്നു. കാലവർഷം തുടങ്ങിയതോടെ പാടശേഖരത്തിലൂടെ ഉള്ള ഈ താൽക്കാലിക പാത ചെളിക്കുളമായിരിക്കുകയാണ്. ഇതുവഴിയുള്ള യാത്ര അപകടം പിടിച്ചതാണ്. മഴ പെയ്തതോടെ നിറഞ്ഞുകിടക്കുന്ന ചെളിയിലൂടെ വേണം യാത്രക്കാർക്ക് വാഹനങ്ങളുമായി പോകാൻ. ഇരുചക്രവാഹനങ്ങളുൾപ്പെടെ പലപ്പോഴും അപകടത്തിൽപ്പെടുന്നതും പതിവാണ്. ചെളിയിലൂടെ പോകുമ്പോൾ തെന്നിവീണാണ് വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത്. സാമൂഹ്യ മാധ്യമങ്ങളിൽ അടക്കം നിരവധി പ്രതിഷേധങ്ങളാണ് ഈ പ്രധാന പാത തുറന്നു കൊടുക്കാതിരിക്കുന്നതന്റെ പേരിൽ നടക്കുന്നത്.
കഴിഞ്ഞ ദിവസങ്ങളിൽ മുസ്ലിം ലീഗിന്റെ നേതൃത്വത്തിൽ ഈ അടച്ചിട്ട റോഡിന്റെ സമീപത്തുവെച്ച് പ്രതിഷേധ സമരം സംഘടിപ്പിച്ചിരുന്നു. ഇനിയും മഴ കൂടാൻ സാഹചര്യമുള്ളതിനാൽ ഈ പാടം കൂടുതൽ വെള്ളം നിറയും എന്നും ഉടൻ പ്രധാന പാത യാത്ര യോഗ്യം ആക്കണമെന്നും നാട്ടുകാർ പറയുന്നു.
മുതുതല പള്ളിപ്പുറം റോഡ് റബ്ബറൈസ്ഡ് പ്രവർത്തികളുടെ ഭാഗമായുള്ള അഴുക്കുചാൽ നിർമ്മാണത്തിന്റെ ഭാഗമായി ആണ് കാരക്കുത്ത് നാലങ്ങാടിയിൽ റോഡ് താൽക്കാലികമായി അടച്ചിട്ടത്. നിലവിൽ മൂന്ന് കലുങ്കിന്റെയും വർക്കുകൾ പൂർത്തിയായിട്ടുണ്ട്. ജൂൺ പത്തോട് കൂടി പ്രധാന പാത യാത്ര സജ്ജമാക്കുന്നതാണ്. തുടർന്നുള്ള ടാറിങ് അടക്കമുള്ള മറ്റു പ്രവർത്തികൾ മഴ മാറിയിട്ട് ചെയ്യാൻ കഴിയൂ. അതിന്റെ നടപടികൾ ആ രൂപത്തിൽ നടത്തുമെന്നും മുഹമ്മദ് മുഹ്സിൻ എം.എൽ.എ യും പൊതുമരാമത്ത് അധികൃതരും പറഞ്ഞു. പട്ടാമ്പിമുതൽ കൊടുമുണ്ടവരെയുള്ള റോഡ് മുമ്പ് റബ്ബറൈസ് ചെയ്ത് നവീകരിച്ചിട്ടുണ്ട്. കൊടുമുണ്ടമുതൽ പള്ളിപ്പുറംവരെയുള്ള ഗതാഗതത്തിന് ആശ്വാസമേകുന്നതാണ് പദ്ധതി.
