അൻപതിനായിരം രൂപ മോഷ്ടിച്ചെടുത്തയാൾ പിടിയിൽ

പൂയപ്പള്ളി : ഓയൂർ കരിങ്ങന്നൂർ ആറ്റൂർകോണം നിഷ മന്ദിരത്തിൽ ബേബി(57) യുടെ വക അൻപതിനായിരം രൂപ മോഷ്ടിച്ചെടുത്ത കരിങ്ങന്നൂർ മോട്ടോർകുന്ന് അനു ഭവനത്തിൽ മനു(57) നെ പൂയപ്പള്ളി പോലീസ് കയ്യോടെ പിടിച്ചു. ആവലാതിക്കാരൻ തനിക്ക് വസ്തുവാങ്ങാനായി പ്രഭാകരൻ എന്നയാൾക്ക് അഡ്വാൻസ് ഇനത്തിൽ നൽകാനായി സ്കൂട്ടി വണ്ടിയുടെ ഡാഷ് ബോർഡിൽ സൂക്ഷിച്ച് കൊണ്ട് വന്നതായിരുന്നു പൈസ. ഓയൂർ ചുങ്കത്തറ ജംക്ഷനിലുള്ള പ്രതിയുടെ വക സലീല ഡ്രൈവിംഗ്സ്കൂളിന്റെ ഓഫീസിന്റെ മുൻവശം തന്റെ സ്കൂട്ടി പാർക്കു ചെയ്തിട്ട് ചായകുടിക്കാൻ തൊട്ടടുത്ത കടയിൽ കയറിയിട്ട് തിരികെ വന്നപ്പോളാണ് പൈസ നഷ്ടപ്പെട്ട വിവരം അറിയുന്നത്. പരാതിക്കാരൻ സ്കൂട്ടർ പാർക്ക് ചെയ്ത സമയത്ത് തൊട്ടടുത്ത് തന്നെ തന്റെ വാഹനത്തിന് സമീപം തന്നെ പ്രതി നിൽക്കുന്നുണ്ടായിരുന്നു. പരാതിക്കാരന്റെ പരിചയക്കാരനായതുകൊണ്ട് പ്രതിയെയും ചായകുടിക്കാൻ ക്ഷണിച്ചെങ്കിലും പ്രതി ക്ഷണം നിരസിച്ചു. ചായ കുടിക്കാൻ പോയതിന് ശേഷം തിരികെ എത്തിയപ്പോൾ പണം നഷ്ടപ്പെട്ട വിവരം അറിഞ്ഞ് പ്രതിയെ അന്വേഷിച്ചപ്പോൾ പ്രതി തന്റെ സ്ഥാപനവും പൂട്ടി പോയിരിക്കുന്നതായി മനസിലാക്കുകയും പ്രതിയെ ഫോണിൽ ബന്ധപ്പെട്ട് പണം നഷ്ടപ്പെട്ട വിവരം ചോദിച്ചപ്പോൾ നിഷേധിക്കുകയും ആയിരുന്നു. പൂയപ്പള്ളി പോലീസിൽ പരാതി നൽകിയ ഉടൻ തന്നെ പോലീസെത്തി വിവരങ്ങൾ ചോദിച്ചപ്പോൾ വാസ്തവ വിരുദ്ധമായ മറുപടികൾ നൽകിയതിൽ സംശംയം തോന്നിയ പോലീസ് കൂടുതൽ ചോദ്യം ചെയ്തപ്പോൾ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. പ്രതിയുടെ വീട്ടിൽ നിന്ന് 49500/- രൂപ പോലീസ് കണ്ടെടുത്തു. 500 രൂപ പെട്രോൾ അടിക്കാൻ ഉപയോഗിച്ചതായി പ്രതി അറിയിച്ചു. പൂയപ്പള്ളി സി.ഐ.വിനോദ് ചന്ദ്രന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.
There are no comments at the moment, do you want to add one?
Write a comment