മണ്ണാർക്കാട് : ഭക്ഷണതിനായി ജനവാസമേഖലയിലെത്തിയ ഗര്‍ഭിണിയായ പിടിയാന പടക്കം നിറച്ച കൈതച്ചക്ക തിന്ന് ദാരുണമായി ചരിഞ്ഞ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. മലപ്പുറം സ്വദേശി വില്‍സണ്‍ എന്നയാളാണ് അറസ്റ്റിലായത്.
അമ്പലപ്പാറയില്‍ കര്‍ഷകനാണ് വില്‍സണ്‍.

ഇവിടെ ഭൂമി പാട്ടത്തിനെടുത്താണു വില്‍സണ്‍ കൃഷി നടത്തുന്നത്. സ്ഫോടകവസ്തു വച്ചവരെന്ന് സംശയിക്കുന്ന മൂന്നുപേരെ കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്തിരുന്നു. മണ്ണാര്‍ക്കാട് തിരുവിഴാംകുന്നിലാണ് വായിലിരുന്നു പടക്കം പൊട്ടി മുറിവേറ്റ കാട്ടാന ചരിഞ്ഞത്.
സൈലന്റ് വാലി വനമേഖലയില്‍നിന്നു പുറത്തിറങ്ങിയ 15 വയസ് തോന്നിക്കുന്ന ആനയാണ് കഴിഞ്ഞ 27-ന് ചരിഞ്ഞത്. പിടിയാന ഭക്ഷണം കഴിക്കുന്നതിനിടയില്‍ വായില്‍ വച്ചു പടക്കമോ മറ്റോ പൊട്ടിത്തെറിച്ചതാകാം അതീവ ഗുരുതരമായി പരിക്കേല്‍ക്കാന്‍ കാരണമെന്നാണ് വനം വകുപ്പിന്റെ പ്രാഥമിക പരിശോധനയില്‍ തെളിഞ്ഞത്.
വായുടെ ഒരു ഭാഗവും നാവും ചിതറിപ്പോയിരുന്നു. അതിരൂക്ഷമായ വേദനയോടെ ആന ദിവസങ്ങളോളം ഒന്നും കഴിക്കാനാകാതെ ഓടിനടന്നിരുന്നു. വ്രണങ്ങളില്‍ പുഴുവും ഈച്ചയുമായി നദിയില്‍ ഇറങ്ങി വായ് വെള്ളത്തില്‍ താഴ്ത്തിയാണ് ആന നിന്നിരുന്നത്. അവശനിലയിലായ ആനയെ രക്ഷിക്കാന്‍ വനംവകുപ്പ് രക്ഷാപ്രവര്‍ത്തനം തുടങ്ങിയിരുന്നു. രണ്ടു കുങ്കിയാനകളെ എത്തിച്ചു രക്ഷിക്കാന്‍ പരിശ്രമിച്ചെങ്കിലും പിടിയാന വെള്ളത്തില്‍നിന്നും കയറാന്‍ കൂട്ടാക്കിയില്ല. ഒടുവില്‍ നിന്നനില്പില് ചരിഞ്ഞു.
ശ്വാസകോശത്തില്‍ വെള്ളം കയറിയതിനാലാണ് ആന ചെരിഞ്ഞതെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. ആന ഗര്‍ഭിണിയാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമായി. പടക്കം പൊട്ടി ആനയുടെ വായ്ഭാഗം പൂര്‍ണമായും തകര്‍ന്നിരുന്നുവെന്നു കാട്ടാനയെ പോസ്റ്റ്മോര്‍ട്ടം ചെയ്ത തൃശൂരിലെ ഫോറസ്റ്റ് സര്ജന് ഡോ.ഡേവിഡ് ഏബ്രഹാം പറഞ്ഞു.