കൊല്ലം : ട്രോളിങ് നിരോധനം ഒന്‍പതിന് അര്‍ധരാത്രി മുതല്‍ ജൂലൈ 31 അര്‍ധരാത്രി വരെ 52 ദിവസം നടപ്പിലാക്കാനുളള എല്ലാ മുന്നൊരുക്കങ്ങളും പൂര്‍ത്തിയായതായി കളക്ടര്‍ ബി. അബ്ദുല്‍ നാസര്‍ അറിയിച്ചു. ട്രോളിംങ് നിരോധനത്തിന് മുന്നോടിയായി ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥരുടെയും മത്സ്യത്തൊഴിലാളി സംഘടനാ നേതാക്കളുടെയും ജില്ലാതല യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ട്രോളിംങ് നിരോധനം സംബന്ധിച്ച അറിയിപ്പുകള്‍ തീരത്തും കടലിലും നല്‍കുമെന്നും നിരോധനം ആരംഭിക്കുന്നതിന് മുന്‍പ്തന്നെ എല്ലാ ബോട്ടുകളും നിര്‍ബന്ധമായും തിരികെ എത്തണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. മത്സ്യസമ്പത്തിന്റെ സംരക്ഷണത്തിനായി മത്സ്യങ്ങളുടെ പ്രജനനകാലവും മണ്‍സൂണും കണക്കിലെടുത്ത് നടപ്പിലാക്കുന്ന ട്രോളിംങ് നിരോധനത്തിന് മുന്‍വര്‍ഷത്തെ പോലെതന്നെ എല്ലാ മത്സ്യത്തൊഴിലാളികളും സഹകരിക്കണമെന്നും കളക്ടര്‍ അഭ്യര്‍ഥിച്ചു.
നിരോധന കാലയളവില്‍ രക്ഷാപ്രവര്‍ത്തനത്തിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം നീണ്ടകര, തങ്കശ്ശേരി, അഴീക്കല്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചു. രക്ഷാപ്രവര്‍ത്തനത്തിനായി സീ റെസ്‌ക്യൂ സ്‌ക്വാഡിന്റെ സേവനവും സജ്ജമാക്കി.