സംസ്ഥാനത്ത് സഞ്ചരിക്കുന്ന 5 ഭക്ഷ്യസുരക്ഷ ലബോറട്ടറികൾ

തിരുവനന്തപുരം: ഭക്ഷണ പദാര്‍ത്ഥങ്ങളിലെ മായം കണ്ടുപിടിയ്ക്കാനുള്ള ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ 5 പുതിയ സഞ്ചരിക്കുന്ന ഭക്ഷ്യസുരക്ഷ ലബോറട്ടറികളുടെ ഫ്‌ളാഗോഫ് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍വഹിച്ചു. ഇതില്‍ മൂന്ന് ലബോറട്ടറികളില്‍ ഭക്ഷ്യ വസ്തുക്കളുടെ രാസപരവും മൈക്രാബയോളജിക്കല്‍ പ്രകാരമുളള മാനദണ്ഡങ്ങളും മറ്റ് രണ്ട് ലാബുകളില്‍ രാസപരമായ മാനദണ്ഡങ്ങളും പരിശോധിക്കുവാന്‍ കഴിയുന്നതാണ്.
ഭക്ഷ്യ സുരക്ഷ പരിശോധനകള്‍ കൂടുതല്‍ കാര്യക്ഷമമാക്കാന്‍ ഈ സഞ്ചരിക്കുന്ന ലബോറട്ടറികള്‍ സഹായകരമാകുമെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. നിലവില്‍ കേരളത്തില്‍ മൂന്ന് സഞ്ചരിക്കുന്ന ഭക്ഷ്യ പരിശോധനാ ലബോറട്ടറികളാണ് പ്രവര്‍ത്തിക്കുന്നത്. ഈ അഞ്ച് ലാബുകള്‍കൂടി വന്നതോടെ എട്ട് സഞ്ചരിക്കുന്ന ഭക്ഷ്യ പരിശോധനാ ലബോറട്ടറികളാണ് കേരളത്തിനുള്ളത്. തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍ എന്നീ ജില്ലകള്‍ കേന്ദ്രമാക്കിയാണ് ഈ ലാബുകള്‍ പ്രവര്‍ത്തിക്കുക. സംസ്ഥാനത്തെ പ്രധാന ചെക്ക് പോസ്റ്റുകളില്‍ പരിശോധനയ്ക്കായി പ്രത്യേക സ്‌ക്വാഡും ക്രമീകരണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ ഓപ്പറേഷന്‍ സാഗര്‍ റാണിയില്‍ പഴകിയതും കേടുവന്നതും രാസവസ്തുക്കള്‍ കലര്‍ന്നതുമായ 200-ല്‍ അധികം മെട്രിക് ടണ്‍ മത്സ്യം നശിപ്പിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
ഈ ലാബുകളില്‍ വെളിച്ചണ്ണയുടെ ഗുണനിലവാരം കണ്ടുപിടിക്കുന്നതിനുളള റിഫ്രാക്‌ടോമീറ്റര്‍, ഭക്ഷത്തിലെ പൂപ്പല്‍ ബാധമൂലമുണ്ടാകുന്ന അഫ്‌ളോടോക്‌സിന്‍ എന്ന വിഷാംശം കണ്ടുപിടിക്കുന്നതിനുളള റാപ്ടര്‍ (Raptor) എന്ന ഉപകരണം, വെളളത്തിലെ പി.എച്ച് കണ്ടുപിടിക്കുന്നതിനുളള പി.എച്ച് മീറ്റര്‍, പാലിന്റെ ഗുണനിലവാരം പരിശോധിക്കുന്നതിനുളള മില്‍ക്ക് അനലൈസര്‍, എണ്ണകളുടെ കാലപ്പഴക്കം കണ്ടുപിടിക്കുന്നതിനുളള ഫ്രൈഓയില്‍ മോണിറ്റര്‍ എന്നീ ഉപകരണങ്ങള്‍ ഉണ്ട്. മൈക്രാബയോളജി ചെയ്യുന്നതിനുളള ബയോസേഫ്റ്റി കാബിനറ്റ്, ഫൂം ഹുഡ് (Fume Hood) എന്നിവയും ഈ ലാബിലുണ്ട്. ഫുഡ് സേഫ്റ്റി സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യയുടെ സഹകരണത്തോടെയാണ് ലബോറട്ടികള്‍ സജ്ജമാക്കിയത്. ഈ ലാബുകളില്‍ പരിശോധന കൂടാതെ ഭക്ഷ്യ സുരക്ഷാ പരിശീലനത്തിനും, ബോധവല്‍കരണത്തിനുളള സംവിധാനങ്ങള്‍ ഉണ്ട്.
There are no comments at the moment, do you want to add one?
Write a comment