മുംബൈ : മുംബൈയില്‍ കോവിഡ് ബാധിച്ച് ചികിത്സ കിട്ടാതെ മലയാളി മരിച്ചു. മുംബൈയിലെ വീട്ടില്‍ മരിച്ച കാന്തിവ്ലി ഠാക്കൂര്‍ കോംപ്ലക്സ് ഓം സിദ്ധിവിനായക് കോംപ്ലക്സില്‍ താമസിക്കുന്ന മല്ലപ്പള്ളി പാടിമണ്‍ കുറിച്ചിയില്‍ ഈന്തനോലിക്കല്‍ മത്തായി വര്‍ഗീസിന്റെ (രാജു- 56) മൃതദേഹം അധികൃതര്‍ ഏറ്റെടുക്കാതിരുന്നതിനാൽ ഭാര്യ ഏലിയാമ്മ രാവിലെ മുതല്‍ സഹായാഭ്യര്‍ഥന നടത്തി കാത്തിരിന്നു
സഹായത്തിന് അഭ്യര്‍ത്ഥിച്ചവരെല്ലാം രോഗം ഭയന്ന് മാറിനില്‍ക്കുകയാണ് ചെയ്തത്. ഒടുവില്‍ മലയാളി സംഘടനാ പ്രവര്‍ത്തകര്‍ ഇടപെട്ടതിനെ തുടര്‍ന്നാണ് വൈകിട്ട് മുനിസിപ്പാലിറ്റി അധികൃതര്‍ എത്തി മൃതദേഹം സംസ്കരിച്ചത്. പവെയ് റിനൈസെന്‍സ് ഹോട്ടലില്‍ എക്സിക്യൂട്ടീവ് സൂപ്പര്‍വൈസറായി ജോലി ചെയ്യുകയായിരുന്നു മത്തായി വര്‍ഗീസ്. അലര്‍ജിയെ തുടര്‍ന്ന് ഒരാഴ്ച മുൻപാണ് കോവിഡ് പരിശോധന നടത്തിയത്. തുടര്‍ന്ന് അന്ധേരി സെവന് ഹില്‍സ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും സ്ഥിത ഗുരുതരമാണെന്ന് പറഞ്ഞ് ആശുപത്രി അധികൃതര്‍ മടക്കി അയക്കുകയായിരുന്നു
