കോട്ടയം : ജില്ലയില്‍ ഇന്ന് മൂന്നുപേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മെയ് ഒമ്ബതിന് കുവൈത്ത്- കൊച്ചി വിമാനത്തിലെത്തിയ ഒരാള്‍ക്കും മെയ് 11ന് ദുബയ്-കൊച്ചി വിമാനത്തിലെത്തിയ രണ്ടുപേര്‍ക്കുമാണ് രോഗം ബാധിച്ചത്. മൂവരും കോതനല്ലൂരിലെ ക്വാറന്റൈന് കേന്ദ്രത്തില്‍ കഴിയുകയായിരുന്നു. മൂന്നുപേര്‍ക്കും കോവിഡ് ലക്ഷണങ്ങളില്ലായിരുന്നു. ഇവരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രോഗം സ്ഥീരീകരിച്ച് അമ്മയ്ക്കൊപ്പം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന രണ്ടുവയസുള്ള കുട്ടിയുടെ രണ്ടാമത്തെ സാംപിള്‍ പരിശോധനാ ഫലം നെഗറ്റീവായി.
നിലവില്‍ കോട്ടയം ജില്ലക്കാരായ ആറുപേരാണ് കോവിഡ് പോസിറ്റീവായി ചികില്‍സയിലുള്ളത്. ഇതിനു പുറമെ മഹാരാഷ്ട്രയില്‍ നിന്നെത്തിയ തിരുവനന്തപുരം പാറശ്ശാല സ്വദേശിയും രോഗം ബാധിച്ച് മെഡിക്കല്‍ കോളജിലുണ്ട്.
ഇതേ വിമാനത്തിൽ ദുബയില്‍ നിന്ന് വന്നതാണ് ചങ്ങനാശ്ശേരി തൃക്കൊടിത്താനം സ്വദേശി(42). ഈ വിമാനത്തില്‍ വന്ന പത്തനംതിട്ട സ്വദേശിക്ക് നേരത്തെ രോഗം സ്ഥീരീകരിച്ചിരുന്നു. മെയ് ഒൻപതിന് കുവൈറ്റ്-കൊച്ചി വിമാനത്തിലെത്തിയതാണ് നീണ്ടൂര്‍ സ്വദേശി(31). ഇതേ വിമാനത്തിലെത്തിയ ഉഴവൂര്‍ സ്വദേശിനിയായ യുവതി രോഗം ബാധിച്ച് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലുണ്ട്.