വയനാട് : കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാരിന് തങ്ങളാലാവുന്ന ധനസഹായം നല്‍കുകയാണ് കല്‍പറ്റ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസിലെ എസ് .ടി. പ്രൊമോട്ടര്‍മാരും മാനേജ്‌മെന്റ് ട്രെയിനിമാരും. ലോക് ഡൗണില്‍ വരുമാനം നിലച്ച ഒരു വലിയ വിഭാഗം ജനത തങ്ങള്‍ക്ക് ചുറ്റിലുമുണ്ടെന്ന തിരിച്ചറിവിലാണ് വിഷുവിന് പുതു വസ്ത്രം വാങ്ങാതെ മാറ്റി വെച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എസ് . ടി. പ്രൊമോട്ടര്‍മാരും മാനേജ്‌മെന്റ് ട്രെയിനിമാരും സംഭാവന ചെയ്യുന്നത് . എം. എല്‍. എ. ഓഫീസില്‍ വെച്ച് കല്‍പറ്റ എം. എല്‍. എ. ശ്രീ സി.കെ. ശശീന്ദ്രന്‍ ഡി.ഡി. ഏറ്റുവാങ്ങി . എസ്. ടി. പ്രൊമോട്ടര്‍മാരായ ഷീല കെ., ഇന്ദു പുഷ്പ എസ്., ലത സി., കുമാരി ഇന്ദിര കെ.ജി. എന്നിവര്‍ പങ്കെടുത്തു .ശശി സി., രാജേന്ദ്രന്‍, ജിജി കെ., സുനില്‍ കുമാര്‍ കെ., ശ്രീജ ടി., ശ്യാമള ബിനു, അംബുജം പി.ഒ ., വിജിത കെ.ജി., പങ്കജം എം., ഷീജ, ഭവാനി എന്നിവര്‍ നേതൃത്വം നല്‍കി.
സമര കേന്ദ്രങ്ങളിലുള്ളവര്‍ക്കും റേഷന്‍ കാര്‍ഡില്ലാത്തവര്‍ക്കും ഭക്ഷ്യ ധാന്യ കിറ്റുകള്‍ എത്തിച്ച് നല്‍കിയും മരുന്ന് ലഭിക്കാത്ത രോഗികള്‍ക്ക് മരുന്ന് എത്തിച്ച് നല്‍കിയും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കര്‍മ്മ നിരതരാണ് ഇവര്‍. പട്ടിക വര്‍ഗ്ഗക്കാര്‍ താമസിക്കുന്ന കോളനികളില്‍ സോപ്പിന്റെയും സാനിറ്റൈസറിന്റെയും മാസ്‌കിന്റെയും ഉപയോഗവും സാമൂഹിക അകലം പാലിക്കേണ്ട ആവശ്യകതയും ഗോത്ര ഭാഷകളില്‍ ബോധവല്‍ക്കരിച്ചും സേവന മുഖത്താണിവര്‍. ഗോത്ര ഭാഷയിലുള്ള ഓഡിയോ ക്ലിപ്പുകളും വീഡിയോ ക്ലിപ്പുകളും സോഷ്യല്‍ മീഡിയ വഴി പ്രൊമോട്ടര്‍മാര്‍ വ്യാപകമായി പ്രചരിപ്പിച്ചതും കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തില്‍ ഫലപ്രദമായതായാണ് വിലയിരുത്തപ്പെടുന്നത്. പട്ടിക വര്‍ഗ്ഗ വിഭാഗക്കാര്‍ തിങ്ങി പാര്‍ക്കുന്ന ജില്ലയില്‍ കോവിഡ് രോഗികളില്ലെന്നതും ശ്രദ്ധേയമാണ്. വയനാടിന്റെ ചുമതലയുള്ള മന്ത്രിയും ജില്ലാ കലക്ടറും പട്ടിക വര്‍ഗ്ഗ വികസന വകുപ്പിന്റെയും എസ്. ടി. പ്രൊമോട്ടറുടെയും പ്രവര്‍ത്തനത്തെ പരസ്യമായി അഭിനന്ദിക്കുകയുമുണ്ടായി.
വാര്‍ത്ത : നൂഷിബ.കെ.എം