തിരുവനന്തപുരം: മുന്‍ മാസത്തേതുപോലെ ഈ മാസവും റേഷന്‍ വിതരണത്തില്‍ വന്‍ വര്‍ധന. വിതരണം ആരംഭിച്ച് 10 ദിവസത്തിനകം 74.57 ശതമാനം റേഷന്‍ കാര്‍ഡ് ഉടമകള്‍ ഈ മാസത്തെ റേഷന്‍ വാങ്ങി. ആകെയുള്ള 87.28 ലക്ഷം റേഷന്‍ കാര്‍ഡ് ഉടമകളില്‍ 65.10 ലക്ഷം പേര് റേഷന്‍ വാങ്ങിയതായാണു സിവില്‍ സപ്ലൈസ് വകുപ്പിന്റെ കണക്ക്. എല്ലാ വിഭാഗങ്ങള്‍ക്കും സൗജന്യ റേഷന്‍ വിതരണം ഉണ്ടായിരുന്ന കഴിഞ്ഞ മാസം 97 ശതമാനം പേര് റേഷന്‍ വാങ്ങിയതായാണു സര്‍ക്കാര്‍ കണക്ക്.
ഇതില്‍ അപാകതയുണ്ടെന്ന വിലയിരുത്തലിനെ തുടര്‍ന്ന് 90 ശതമാനത്തിലേറെ വിതരണം നടന്ന റേഷന്‍ കടകള്‍ പരിശോധിക്കാന്‍ സിവില്‍ സപ്ലൈസ് വകുപ്പ് തീരുമാനിച്ചിരിക്കുകയാണ്. അതേസമയം, സംസ്ഥാന സര്‍ക്കാരിന്റെ സൗജന്യ പലവ്യഞ്ജന കിറ്റ് 25 ലക്ഷം വരുന്ന മുന്‍ഗണനേതര എന്‍പിഎസ് (നീല) കാര്‍ഡ് ഉടമകളില്‍ 23.59 ലക്ഷം പേര് വാങ്ങി. മുന്‍ഗണനേതര വിഭാഗത്തിലെ 26 ലക്ഷത്തോളം വരുന്ന എന്‍പിഎന്‍എസ് (വെള്ള) കാര്‍ഡ് ഉടമകളില്‍ ഇതുവരെ കിറ്റ് വാങ്ങിയത് 3.28 ലക്ഷം പേരാണ്.
വെള്ള കാര്‍ഡ് ഉടമകള്‍ക്കുള്ള കിറ്റ് വിതരണം 20 വരെ തുടരും. 21 മുതല്‍ എഎവൈ (മഞ്ഞ), സബ്സിഡി വിഭാഗം (പിങ്ക്) കാര്‍ഡ് ഉടമകള്‍ക്കു കേന്ദ്ര സര്‍ക്കാരിന്റെ സൗജന്യ റേഷന്‍ വിതരണം ആരംഭിക്കും