അന്തർസംസ്ഥാന കഞ്ചാവ് മാഫിയാ പ്രതി പോലീസ് പിടിയിൽ

അന്തർസംസ്ഥാന കഞ്ചാവ് മാഫിയാ പ്രതിയെ ചടയമംഗലം പോലീസ് സാഹസികമായി പിടികൂടി
കോട്ടയം അതിരമ്പുഴ ചെറിയ പള്ളിക്കടയിൽ വീട്ടിൽ ബാബുജേക്കബ് മകൻ ബിബിൻ ബാബു(23) വിനെയാണ് കൊല്ലം റൂറൽ എസ്. പി ഹരിശങ്കർ ഐ. പി. എസ് ന്റെ നിർദ്ദേശാനുസരണം ചടയമംഗലം എസ്. ഐ. ശരലാലിന്റെ നേതൃത്വത്തിൽ സാഹസികമായി പിടികൂടിയത്. എക്സൈസ് സംഘത്തെ ആക്രമിച്ച് കഞ്ചാവ് കേസ് പ്രതിയെ രക്ഷപ്പെടുത്തിയതും പൊലീസിന് നേരെ ബോംബെറിഞ്ഞതും കൊലപാതക ശ്രമവും വീടുകയറിയുള്ള ആക്രമണവും ക്വെട്ടേഷൻ പ്രവർത്തനവും മയക്കുമരുന്ന് കേസുകളും ഗുണ്ടാ ആക്ടും ഉൾപ്പെടെ ഉള്ള കുറ്റകൃത്യങ്ങൾക്ക് കോട്ടയം ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിലെ നിരവധി കേസുകളിൽ പ്രതിയായ ഇയാൾ നിലമേൽ ഭാഗത്ത് ഒളിച്ചു താമസിക്കുന്നുണ്ടെന്ന് കൊല്ലം റൂറൽ എസ്. പി യ്ക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ചടയമംഗലം പോലീസ് ഇയാൾക്ക് വേണ്ടി വലവിരിച്ചിരിക്കുകയായിരുന്നു. വേയ്യ്ക്കൽ ഭാഗത്ത് ഇയാൾ ഒളിച്ചു താമസിക്കുന്നുണ്ടെന്ന് മനസ്സിലാക്കിയ പോലീസ് കൃത്യമായ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇയാൾ സഞ്ചരിച്ചിരുന്ന കാറിനെ പിന്തുടർന്നു. പോലീസ് പിടികൂടുമെന്ന് ഉറപ്പായപ്പോൾ കാർ ഉപേക്ഷിച്ച് തോട് ചാടിക്കടന്നു മലമുകളിലേക്ക് ഓടിയ പ്രതിയെ മല ഓടിക്കയറിയ പോലീസ് സാഹസികമായി കീഴ്പ്പെടുത്തുകയായിരുന്നു. വാടകയ്ക്ക് എടുക്കുന്ന കാറുകളാണ് കഞ്ചാവ് കടത്താൻ ഉപയോഗിച്ചിരുന്നത്. പ്രതിയുമായുള്ള മല്പിടുത്തതിൽ എസ്. ഐ. യുടെ കാലിനു പരിക്കേറ്റിട്ടുണ്ട്. സിവിൽ പോലീസ് ഓഫീസർമാരായ അജീഷ്, ബിനീഷ്, അനീഷ് എന്നിവർ ഉൾപ്പെട്ട പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെയും വാഹനവും കോട്ടയം പൊലീസിന് കൈമാറി.
There are no comments at the moment, do you want to add one?
Write a comment