കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ സര്‍വൈലന്‍സ് ടീം വിപുലീകരിച്ചു. ജില്ലാ സര്‍വൈലന്‍സ് ഓഫിസര്‍ ഡോ. സൗമ്യയുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തനം. കോണ്‍ടാക്ട് ട്രേസിങ് അടക്കമുള്ള ജോലികള്‍ ഏകോപിപ്പിക്കുന്നതിന് സീനിയര്‍ എപ്പിഡമോളജിസ്റ്റ് ഡോ. സുകുമാരനെ ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ആര്‍ രേണുക ചുമതലപ്പെടുത്തി. മുന്‍ സ്റ്റേറ്റ് എപ്പിഡമോളജിസ്റ്റായ ഡോ. സുകുമാരന് കെ.എഫ്.ഡി. കണ്‍ട്രോള്‍ സെല്ലിന്റെ ചുമതല കൂടിയുണ്ട്. നിലവില്‍ 18 പേര്‍ക്ക് വയനാട്ടില്‍ രോഗബാധയുണ്ടായി. ഇതര സംസ്ഥാനങ്ങളില്‍ നിന്നും വിദേശ രാജ്യങ്ങളില്‍ നിന്നുമായി നിരവധി പേര്‍ അടുത്ത ദിവസങ്ങളില്‍ ജില്ലയിലെത്തും. ഇവര്‍ക്കാവശ്യമായ സൗകര്യങ്ങളും മുന്‍കരുതല്‍ നടപടികളും ജില്ലാ ഭരണകൂടം സ്വീകരിച്ചിട്ടുണ്ട്. കോവിഡ് പോസിറ്റീവ് കേസുകളുടെ എണ്ണം വരും ദിവസങ്ങളില്‍ കൂടിയേക്കാമെന്നാണ് വിലയിരുത്തല്‍. ഇക്കാരണത്താല്‍ വൈറസിന്റെ സ്വഭാവം മനസ്സിലാക്കി നമ്മുടെ ശീലങ്ങള്‍ മാറ്റിയുള്ള പ്രതിരോധമാണ് വേണ്ടതെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. എല്ലാവരും സാമൂഹിക അകലം പാലിക്കുകയും മാസ്‌ക് ഉപയോഗിക്കുകയും വേണം. കൈകള്‍ സോപ്പ് ഉപയോഗിച്ച് കഴുകുന്നതു ശീലമാക്കണം. ഈ ഘട്ടത്തില്‍ ജനങ്ങളാണ് മുന്‍നിര പോരാളികള്‍. പ്രതിരോധ ശക്തി ശരീരത്തിനുള്ളില്‍ രൂപപ്പെടുന്നതു പോലെ തന്നെ പ്രാധാന്യമര്‍ഹിക്കുന്നതാണ് ശരീരത്തിന് പുറത്തും. സുരക്ഷാ കവചം വിട്ടുവീഴ്ചയില്ലാതെ ഒരുക്കാന്‍ കഴിഞ്ഞാല്‍ മറ്റൊരു തരത്തില്‍ 'ഹെര്‍ഡ് ഇമ്യൂണിറ്റി' ലഭിച്ച സമൂഹമായി നമുക്ക് മാറാന്‍ സാധിക്കും.
നിരവധി ആളുകള്‍ വീടുകളില്‍ നിരീക്ഷണത്തിലും ചികിത്സയിലുമാണ്. ഇവരുടെ ശാരീരിക ആരോഗ്യം പോലെ തന്നെ പ്രധാനമാണ് മാനസിക ആരോഗ്യവും. ഇതിനായി സൈക്യാട്രിസ്റ്റ് ഡോ. ഹരീഷ് കൃഷ്ണന്റെ നേതൃത്വത്തില്‍ മാനസികാരോഗ്യസംഘം പ്രവര്‍ത്തിച്ചുവരുന്നു. ചികിത്സയിലുള്ള വ്യക്തികളെക്കുറിച്ച് സമൂഹിക മാധ്യമങ്ങളില്‍ പലതരത്തിലുള്ള ചര്‍ച്ച നടക്കുന്നതായും അഭ്യൂഹങ്ങള്‍ പടരുന്നതായും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത് അവരുടെ മാനസിക ആരോഗ്യത്തെ തളര്‍ത്തുന്നതാണെന്നും ഇത്തരം സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ നിന്ന് മാധ്യമങ്ങളില്‍ ഇടപെടുന്നവര്‍ പിന്തിരിയണമെന്നും ആരോഗ്യവകുപ്പ് അഭ്യര്‍ത്ഥിച്ചു.
വാർത്ത: നൂഷിബ.കെ.എം