കൊട്ടാരക്കര : കൊട്ടാരക്കര ടൗൺ ഭാഗത്തുള്ള ദാമു ആൻഡ് സൺസ് എന്ന മൊത്തവ്യാപാര സ്ഥാപനത്തിൻ്റെ ഗോഡൗണിലാണ് ഇന്ന് വൈകിട്ട് 3.30 ഓടെ തീപിടുത്തമുണ്ടായത് .

കോടികളുടെ വ്യാപാര സാധനങ്ങൾ കത്തി നശിക്കുകയും കെട്ടിടത്തിനു കേടുപാടു സംഭവിക്കുകയുമുണ്ടായി. ഗ്ലാസ്സിൻ്റെയും പെയിൻ്റിൻ്റെയും ഹാർഡ്വെയർ ഉൽപന്നങ്ങളുടെയും മൊത്തവ്യാപാര ഗോഡൗണിലാണ് തീപിടുത്തമുണ്ടായത്.

തീപിടുത്തം ശ്രദ്ധയിൽപ്പെട്ടപ്പോൾ തന്നെ ജീവനക്കാർ കൊട്ടാരക്കര ഫയർഫോഴ്സിനെ വിവരമറിയിച്ചു. തുടർന്ന് അഗ്നിശമനസേന എത്തി തീ അണക്കാനുള്ള ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല.

പിന്നീട് പത്തനാപുരം, കുണ്ടറ എന്നിവിടങ്ങളിൽ നിന്നും നാലു യൂണിറ്റ് ഫയർഫോഴ്സ് വാഹനങ്ങളെത്തിയാണ് തീ അണച്ചത്.നാലു മണിക്കൂർ നേരത്തെ ശ്രമഫലമായാണ് തീ നിയന്ത്രണ വിധേയമാക്കിയത്.

ലോക് ഡൗൺകാലമായതിനാൽ ജീവനക്കാർ കുറവായതും സംഭവസമയത്ത് ഇവർ പുറത്തായിരുന്നതിനാലും വൻ ദുരന്തമാണ് ഒഴിവായത്. വൈദ്യുതി ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം
നാലു ജില്ലകളിൽ സാധനങ്ങൾ വിതരണം ചെയ്യുന്ന മൊത്തവ്യാപാര സ്ഥാപനമാണ് ദാമു ആൻ്റ് സൺസ്.

ഏകദേശം രണ്ടരക്കോടിയുടെ നഷ്ടം സംഭവിച്ചതായി സ്ഥാപന ഉടമ രഞ്ജിത്ത്-ലാൽ അറിയിച്ചു. കൊട്ടാരക്കര ഫയർ ഫോഴ്സ് സ്റ്റേഷൻ ഓഫീസർ, റ്റി. ശിവകുമാറിന്റെ നേതൃത്വത്തിൽ സേനാംഗങ്ങൾ ആയ ഷാജിമോൻ. ആർ. സജീവ്, ദിലീപ് കുമാർ, മനോജ് , ബിനു,പ്രമോദ്, ബിനീഷ് എന്നിവർ അടങ്ങിയ സംഘമാണ് തീയണച്ചത്
