കോതമംഗലം : പ്ലൈവുഡ് കമ്പനിയിൽ തൊഴിലും ശമ്പളവുമില്ലാത്തതിനാൽ നാട്ടിലേക്ക് മടങ്ങാന്‍ സൗകര്യം ഒരുക്കണമെന്നാവശ്യപ്പെട്ട് അന്തര്‍ സംസ്ഥാന തൊഴിലാളികള്‍ കോതമംഗലം പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. കോട്ടപ്പടി പഞ്ചായത്തിലെ പാനിപ്രയില്‍ ജോലി ചെയ്യുന്ന അന്തര്‍ സംസ്ഥാന തൊഴിലാളികളാണ് മാര്‍ച്ച് നടത്തിയത്.
നാട്ടുകാര്‍ ഇടപെട്ട് യാത്ര വിലക്കിയെങ്കിലും വകവെക്കാതെ ഇവര്‍ മുന്നോട്ട് പോവുകയായിരുന്നു. തൊഴിലാളികളുടെ യാത്ര അറിഞ്ഞ് കോതമംഗലം-കോട്ടപ്പടി സ്റ്റേഷനുകളില്‍ നിന്ന് പൊലീസെത്തി ആയക്കാട് ക്ഷേത്രത്തിന് സമീപം ഇവരെ തടഞ്ഞു. തൊഴിലാളികളോട് സംസാരിച്ചെങ്കിലും പിന്മാറാന് അവര്‍ തയ്യാറായില്ല. ഒടുവില്‍ പൊലീസ് ലാത്തിവീശി അവരെ താമസസ്ഥലത്തേക്ക് തന്നെ മടക്കി അയക്കുകയായിരുന്നു.