ന്യൂഡല്‍ഹി : രാജ്യത്ത് വീണ്ടും ബാങ്ക് വായ്പ തട്ടിപ്പ് റിപ്പോര്‍ട്ട് പുറത്തുവരുന്നു. കോടികള്‍ വായ്പ എടുത്ത് മുങ്ങിയവരുടെ കടങ്ങള്‍ എഴുതി തള്ളിയതിനു പിന്നാലെയാണ് നാലു വര്‍ഷം മുന്‍പ് 400 കോടി രൂപ വായ്പ എടുത്ത് മുങ്ങിയ വ്യവസായിക്കെതിരെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ എസ്.ബി.ഐയ്ക്ക് നല്‍കിയ പരാതിയും പൊങ്ങിയത്.
ഡല്‍ഹി ആസ്ഥാനമായുള്ള ബസുമതി അരി കയറ്റുമതി സ്ഥാപനമായ രാം ദേവ് ഇന്റര്‍നാഷണല്‍ ലിമിറ്റഡ് ആണ് 2016 മുതല്‍ മുങ്ങിനടക്കുന്നത്. ആറ് ബാങ്കുകളില്‍ നിന്നാണ് ഇവര്‍ വായ്പ എടുത്തിട്ടുണ്ട്. ഇ്ക്കഴിഞ്ഞ ഫെബ്രുവരി 25നാണ് ഇവര്‍ക്കെതിരെ എസ്.ബി.ഐ പരാതി നല്‍കിയത്. ഏപ്രില്‍ 28നാണ് സി.ബി.ഐ കേസ് രജിസ്റ്റര്‍ ചെയ്തത്.
ആറ് ബാങ്കുകളില്‍ നിന്ന് 414 കോടി രൂപയാണ് രാംദേവ് ഇന്റര്‍നാഷണല്‍ വായ്പ എടുത്തത്. എസ്.ബി.ഐയില്‍ നിന്ന് 173.11 കോടി, കാനറ ബാങ്കില്‍ നിന്ന് 76.09 കോടി, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്ന് 64.31 കോടി, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്ന് 51.31 കോടി, കോര്‍പറേഷന്‍ ബാങ്കില്‍ നിന്ന് 36.91 കോടി, ഐഡിബിഐ ബാങ്കില്‍ നിന്ന് 12.27 കോടി എന്നിങ്ങനെയാണ് വായ്പ എടുത്തത്.
എസ്.ബി.ഐയുടെ പരാതിയില്‍ കമ്പനി ഡയറക്ടര്‍മാരായ നരേഷ് കുമാര്‍, സുരേഷ് കുമാര്‍, സംഗീത എന്നിവര്‍ക്കെതിരെയും ഏതാനും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെയുമാണ് കേസെടുത്തിരിക്കുന്നത്. വ്യാജ പ്രമാണമുണ്ടാക്കുക, വഞ്ചന, വിശ്വാസ വഞ്ചന, അഴിമതി തുടങ്ങിയ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.