തിരുവനന്തപുരം : ലോക്ക് ഡൗണ്‍ ഇളവുകളില്‍ വ്യക്തത വരുത്തി സംസ്ഥാന സര്‍ക്കാര്‍ പുതിയ മാര്‍ഗ നിര്‍ദ്ദേശം പുറത്തിറക്കി. ഗ്രീന്‍ സോണുകള്‍ കേന്ദ്രീകരിച്ച് ഇളവുകള്‍ക്ക് പ്രാധാന്യം നല്‍കുന്നതാണ് സംസ്ഥാന സര്‍ക്കാരിന്‍റെ പുതിയ മാര്‍ഗനിര്‍ദേശം. അതേസമയം ഹോട്ട് സ്പോട്ടുകളില്‍ കര്‍ശന നിയന്ത്രണം തുടരും. പൊതു ഗതാഗതം ഒരു സോണിലും അനുവദിക്കില്ലെന്നാണ് സംസ്ഥാന സര്‍ക്കാര്‍ നിലപാട്.
മദ്യ ശാലകള്‍ മാളുകള്‍ ബാര്‍ബര്‍ ഷോപ്പുകള്‍ എന്നിവ തുറക്കില്ലെന്നാണ് ചീഫ് സെക്രട്ടറി പുറത്തിറക്കിയ മാര്‍ഗ നിര്‍ദ്ദേശത്തില്‍ വ്യക്തമാക്കുന്നത്. സ്വകാര്യ വാഹനങ്ങളില്‍ ഡ്രൈവര്‍ക്ക് പുറമെ രണ്ട് പേര്‍ മാത്രമെ ഉണ്ടാകാവു എന്നും മാര്‍ഗ നിര്‍ദ്ദേശത്തില്‍ പറയുന്നുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കാന്‍ അനുവദിക്കില്ല. പരീക്ഷാ നടത്തിപ്പിന് വേണ്ടിമാത്രമെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കാവൂ. ഗ്രീന്‍ സോണിലുള്ള സേനവമേഖലയിലെ സ്ഥാപനങ്ങള്‍ ആഴ്ചയില്‍ മൂന്ന് ദിവസം മാത്രമെ പ്രവര്‍ത്തിക്കുകയുള്ളൂ. അതും അമ്ബത് ശതമാനം ആളുകള്‍ മാത്രമെ ജോലിക്കെത്താവു എന്നാണ് നിബന്ധന.
പ്രവാസികളുടെ തിരിച്ച് വരവിലും വ്യക്തമായ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ സംസ്ഥാനം മുന്നോട്ട് വയ്ക്കുന്നുണ്ട്. വിമാനത്താവളങ്ങളില്‍ കര്‍ശന പരിശോധന ഉണ്ടാകും. രോഗ ലക്ഷണം ഇല്ലെങ്കില്‍ വീട്ടില്‍ പോകാം .വീട്ടില്‍ നിരീക്ഷണം നിര്‍ബന്ധമാണ്. രോഗം പിടിപെടാന്‍ സാധ്യത ഉള്ളവര്‍ വീട്ടില്‍ ഉണ്ടെങ്കില്‍ സര്‍ക്കാരിന്റെ പ്രത്യേക കേന്ദ്രങ്ങളിലേക്ക് മാറണം. സ്വന്തം ചെലവില്‍ ഹോട്ടലുകളില്‍ താമസിക്കാം. അവിടെയും നിരീക്ഷണം നിര്‍ബന്ധമാണ്. വിദേശത്ത് നിന്ന് എത്തുന്നവര്‍ നിരീക്ഷണത്തിലാണെന്ന് പൊലീസ് ഉറപ്പാക്കണമെന്നാണ് മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നത്.