കൈപ്പട്ടൂരിലെ സ്കൂൾ വിദ്യാർഥിയും അങ്ങാടിക്കൽ വടക്ക് സുധീഷ് ഭവനിൽ സുധീഷിന്റെ മകനുമായ എസ്. അഖിലിനെ (16) കൂട്ടുകാർ ചേർന്ന് കൊലപ്പെടുത്തിയെന്ന് നാട്ടുകാർക്ക് ഇപ്പോഴും വിശ്വസിക്കാൻ കഴിഞ്ഞിട്ടില്ല. വീട്ടിൽ നിന്ന് വിളിച്ചിറക്കി കൊണ്ടുപോയാണ് കൊല നടത്തിയത്. പൊലീസ്, ഫൊറൻസിക് വിദഗ്ധർ സ്ഥലത്ത് പരിശോധന നടത്തി. വെട്ടാൻ ഉപയോഗിച്ച മഴുവും എറിഞ്ഞ കല്ലും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
പ്രതികളായ പ്രായപൂർത്തിയാകാത്ത രണ്ടു കുട്ടികളെയും ജുവനൈൽ ഹോമിലേക്കു മാറ്റി. മഴു ഉപയോഗിച്ച് കഴുത്തിന് ഇരു വശത്തും വെട്ടിയാണ് കൊലപ്പെടുത്തിയത്. സ്ഥിര താമസം ഇല്ലാത്ത വീടിന്റെ പറമ്പിൽ 2 പേർ നിൽക്കുന്നത് കണ്ട പ്രദേശവാസികൾ ഇവരോട് കാര്യങ്ങൾ തിരക്കുകയായിരുന്നു. പ്രതികളുടെ പരുങ്ങലിൽ സംശയിച്ച് ചോദ്യം ചെയ്തപ്പോഴാണ് മണ്ണ് മൂടിക്കിടക്കുന്നത് കണ്ടത്. പ്രതികൾ രക്ഷപ്പെടാതിരിക്കാൻ നാട്ടുകാർ ചേർന്ന് ഇവരുടെ കൈകൾ കൂട്ടിക്കെട്ടി. തുടർന്ന് പൊലീസും എത്തി.
മൃതദേഹം പെട്ടെന്ന് അഴുകി നശിക്കുമെന്ന സിനിമാക്കഥ വിശ്വസിച്ചാണ് മഴു കൊണ്ട് കഴുത്തിന് വെട്ടിയതെന്ന് ചോദ്യം ചെയ്യലിൽ വിദ്യാർഥികൾ പറഞ്ഞതായി പൊലീസ് പറഞ്ഞു. സംഭവം നടന്ന സ്ഥലത്ത് പൊലീസ് വന്നിട്ടും പ്രതികൾക്ക് കൂസലുണ്ടായിരുന്നില്ല. കുട്ടികൾ തമ്മിൽ പല കൊടുക്കൽ വാങ്ങലും ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു.
റോളർ സ്കേറ്റിങ് ഷൂ കൊടുത്തപ്പോൾ അതിന്റെ ഒരു ചക്രം ഇളകി പോയതിന് പകരം മൊബൈൽ നൽകാമെന്ന വാക്ക് അഖിൽ പാലിക്കാത്തതിലുണ്ടായ പ്രതികാരം ആണ് കൊലയ്ക്ക് ഇടയാക്കിയതെന്ന് പൊലീസ് പറയുന്നു. പിന്നീട് സമൂഹ മാധ്യമം വഴി കളിയാക്കിയതു മറ്റൊരു കാരണമായി. കൊല്ലണമെന്ന് ഉദ്ദേശ്യം ഇല്ലായിരുന്നുവെന്നും കല്ല് കൊണ്ട് ഇടിക്കാൻ ആണ് ആലോചിച്ചത് എന്നും പ്രതികൾ പൊലീസിനോട് പറഞ്ഞു. ഇത്ര ചെറു പ്രായത്തിൽ ഇവർ ഇത്ര ക്രൂരമായ കൊല നടത്തിയത് നാട്ടുകാർക്ക് വിശ്വസിക്കാനാവുന്നില്ല.
പ്രായപൂർത്തിയാകാത്ത കുട്ടികളെക്കൊണ്ട് മണ്ണ് മാന്തി മൃതദേഹം പുറത്തെടുത്ത പൊലീസ് നടപടി വിവാദത്തിലായി. ഇത് മൊബൈലിൽ പകർത്തി സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കാനും അനുവദിച്ചത് പൊലീസിന് പറ്റിയ വീഴ്ചയായി. മണ്ണ് പ്രതികളെ കൊണ്ട് മാറ്റിച്ചത് തെറ്റായ നടപടിയാണെന്നു പൊലീസിൽ തന്നെ വിലയിരുത്തലുണ്ടായി.
പത്താം ക്ലാസ് വിദ്യാർത്ഥി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികളെന്ന് സംശയിക്കുന്ന പ്രായപൂർത്തിയാകാത്ത കുട്ടികളെക്കൊണ്ട് മൃതദേഹം മാന്തി പുറത്തെടുത്ത സംഭവത്തിൽ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ ചെയർമാൻ പി. സുരേഷ് സ്വമേധയാ കേസെടുത്തു. പ്രതികളെന്ന് സംശയിക്കുന്നവരാണെങ്കിൽ പോലും കുട്ടികളെക്കൊണ്ട് മൃതദേഹം പുറത്തെടുപ്പിച്ചത് സംസ്കാരശൂന്യമായ നടപടിയായെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഇത്തരം നടപടികൾ ആവർത്തിക്കാതിരിക്കാൻ ബന്ധപ്പെട്ടവർക്കെതിരെ നടപടി സ്വീകരിക്കേണ്ടതുണ്ട്. സംഭവത്തെക്കുറിച്ച് സംസ്ഥാന പൊലീസ് മേധാവി, ജില്ലാ പൊലീസ് മേധാവി, കലക്ടർ, ജില്ല ചൈൽഡ് പ്രൊട്ക്ഷൻ ഓഫിസർ എന്നിവരിൽ നിന്ന് കമ്മിഷൻ റിപ്പോർട്ട് ആവശ്യപ്പെട്ടു.