കൊട്ടാരക്കര: എം.സി റോഡിൽ കൊട്ടാരക്കര കലയപുരത്ത് ബൈക്കുകൾ ജീപ്പുമായി കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ 4 വിദ്യാർത്ഥികളിൽ രണ്ടുപേർ മരിച്ചു, രണ്ട് പേർക്ക് ഗുരുതര പരിക്ക്. ഇന്നലെ രാത്രി 10 ന് കലയപുരം പെട്രോൾ പമ്പിന് മുന്നിലാണ് സംഭവം. പത്തനംതിട്ട കുമ്പഴ പീരുഷ പുരയിടത്തിൽ അഷ്റഫിന്റെ മകൻ മുഹമ്മദ് റാഷിദ് (18), കൊല്ലം പെരിനാട് അമ്പഴവയൽ പിറവള്ളി പടിഞ്ഞാറ്റതിൽ അക്ബറിന്റെ മകൻ അൽ ഫഹദ് (17) എന്നിവരാണ് മരിച്ചത്. മറ്റൊരു ബൈക്കിൽ ഒപ്പമെത്തിയ അൽഫാസ് (18), ബിജിത്ത് (17) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അൽഫാസിന്റെ തുടയെല്ല് പൊട്ടിയ നിലയിലാണ്. അഞ്ചാലുംമൂട് പെരിനാട്ടിലെ ബന്ധുവീട്ടിൽ പോയ ശേഷം കുമ്പഴയിലേക്ക് മടങ്ങുകയായിരുന്നു നാൽവർ സംഘം. കലയപുരം പെട്രോൾ പമ്പിൽ നിന്ന് റോഡിലേക്കിറങ്ങിയ ജീപ്പിൽ അൽഫഹദ് ഓടിച്ച ബൈക്കും തൊട്ടുപിന്നാലെ ബിജിത്ത് ഓടിച്ച ബൈക്കും ഇടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. റോഡിലേക്ക് തെറിച്ചു വീണ നാലുപേരെയും ഉടൻ കൊട്ടാരക്കര താലൂക്കാശുപത്രിയിൽ എത്തിച്ചെങ്കിലും അൽഫഹദിന്റെയും റാഷിദിന്റെയും ജീവൻ രക്ഷിക്കാനായില്ല.
മറ്റ് രണ്ടുപേരെയും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. മൃതദേഹങ്ങൾ ഇന്ന് രാവിലെ പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. പത്തനംതിട്ട തൈക്കാവ് ഗവ.എച്ച്.എസ്.എസിലെ വിദ്യാർത്ഥികളാണ് നാലുപേരും. പത്തനംതിട്ടയിൽ കൊലക്കച്ചവടമാണ് അൽഫഹദിന്റെ പിതാവ് അക്ബറിന്. അതുകൊണ്ടാണ് താമസം അവിടേക്ക് മാറ്റിയതും തൈക്കാവ് സ്കൂളിൽ ചേർത്തതും. ഇന്ന് പ്ളസ് വൺ പരീക്ഷയെഴുതേണ്ടവരായിരുന്നു അൽഫഹദും ബിജിത്തും റാഷിദും. റാഷിദിന് ഒരു മാസം മുൻപ് പിതാവ് വാങ്ങിക്കൊടുത്ത ബൈക്കാണ് അൽഫഹദ് ഓടിച്ചിരുന്നത്. കൊല്ലത്ത് വച്ച് ബൈക്കിന് പൊലീസ് പെറ്റി അടിച്ചിരുന്നുവെന്നും ഇത് അടയ്ക്കാൻ പോകുന്നുവെന്നു പറഞ്ഞാണ് നാലുപേരും വീട്ടിൽ നിന്നിറങ്ങിയത്. കൊട്ടാരക്കര പൊലീസ് കേസെടുത്തു
