ന്യൂഡല്‍ഹി: രാജ്യം നേരിടുന്ന ഗുരുതര പ്രതിസന്ധികള്‍ ചൂണ്ടിക്കാട്ടി ആശങ്കയുമായി മുന്‍ പ്രധാനമന്ത്രിയും സാമ്പത്തിക വിദഗ്ധനുമായ ഡോ. മന്മോഹന് സിങ്. സാമൂഹിക അരക്ഷിതാവസ്ഥയും സാമ്പത്തിക മാന്ദ്യവും കൊറോണ വൈറസ് ബാധയും ഇന്ത്യയുടെ ആത്മാവിനെ മുറിവേല്പ്പിക്കുന്നതിനപ്പുറം അന്താരാഷ്ട്ര തലത്തില്‍ സാമ്പത്തിക, ജനാധിപത്യ ശക്തിയെന്ന ഇന്ത്യയുടെ സ്ഥാനം തകര്‍ക്കുമെന്ന് മന്മോഹന് സിങ് പറയുന്നു.
ദി ഹിന്ദു ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് മന്മോഹന് തന്റെ ആശങ്ക പങ്കുവെക്കുന്നത്. ക്രമസമാധാനം ഉറപ്പുവരുത്തേണ്ട സ്ഥാപനങ്ങള്‍ പൗരനെ സംരക്ഷിക്കുകയെന്ന ധര്‍മ്മം ഉപേക്ഷിച്ചു. ജനാധിപത്യത്തിന്റെ തൂണായ പത്ര മാധ്യമങ്ങളും നമ്മളെ തോല്പിച്ചു. രാജ്യമാകമാനം പടരുന്ന സാമൂഹിക അരക്ഷിതാവസ്ഥയുടെ തീ ഇന്ത്യയുടെ ആത്മാവിനെ ഇല്ലാതാക്കുന്ന തരത്തില്‍ ഭീഷണി ഉയര്‍ത്തുകയാണ്.
നിലവിലെ സ്ഥിതി ഭീകരവും മോശവുമാണ്. പുതിയ പദ്ധതികള്‍ ഏറ്റെടുക്കാന്‍ വ്യവസായികളും നിക്ഷേപകരും മടിക്കുകയാണെന്നും മന്മോഹന് ചൂണ്ടിക്കാട്ടുന്നു.