കുന്നിക്കോട്: ചക്കുവരയ്ക്കലിൽ സംഘം ചേർന്നുള്ള ആക്രമണത്തിൽ യുവാവ് കുത്തേറ്റ് ആശുപത്രിയിൽ മരിച്ചു. ചക്കുവരയ്ക്കൽ താഴത്ത് മലയിൽ ഷൈനി ഭവനിൽ ഡൈനീഷ് ബാബു(30) ആണ് ഇന്ന് രാവിലെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചത്. സംഭവത്തിൽ ചക്കുവരയ്ക്കൽ താഴം തച്ചക്കോട് മേലതിൽ റോബിൻ അലക്സാണ്ടർ (ജോജി-35) ചക്കുവരയ്ക്കൽ സ്വദേശികളായ റെജി രാജു, ബിനു, കൊട്ടറ സ്വദേശി ടോണി എന്നിവരെ കുന്നിക്കോട് പൊലീസ് അറസ്റ്റ് ചെയ്തു. ആദ്യം പിടിയിലായ റോബിൻ അലക്സാണ്ടറെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. മറ്റുള്ളവരെ ഇന്ന് കോടതിയിൽ ഹാജരാക്കും. കേസിൽ ഒന്നാം പ്രതി വിഷ്ണു ഉൾപ്പടെ മൂന്നുപേർ കൂടി പിടിയിലാകാനുണ്ട്. ഇവരെ കണ്ടെത്താനുള്ള ഊർജ്ജിത ശ്രമത്തിലാണ് കുന്നിക്കോട് പൊലീസ്. 21 രാത്രി 8.30 ന് ചക്കുവരയ്ക്കൽ താഴം ജനതാ കാഷ്യു ഫാക്ടറിയ്ക്ക് സമീപമായിരുന്നു ഡൈനീഷ് ബാബുവിനെ ആക്രമിച്ചത്. വെൽഡിംഗ് തൊഴിലാളിയാണ് ഡൈനീഷ്.