തൃശ്ശൂർ : കൊറോണ വൈറസിൽ ബാധിച്ചതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥിനിയുടെ ഡിസ്ചാര്‍ജ് സംബന്ധിച്ചുള്ള കാര്യങ്ങള്‍ തീരുമാനിക്കാന്‍ വ്യാഴാഴ്ച മെഡിക്കല്‍ ബോര്‍ഡ് യോഗം ചേരും. വിദ്യാര്‍ത്ഥിനി പൂര്‍ണ്ണമായും രോഗവിമുക്തയായതിനെ തുടര്‍ന്നാണ് ഡിസ്ചാര്‍ജ് സംബന്ധിച്ച കാര്യങ്ങള്‍ പരിശോധിക്കാന്‍ മെഡിക്കല്‍ കോളേജില്‍ യോഗം ചേരുന്നത്.
വിദ്യാര്‍ത്ഥിനിയുടെ സ്രവ സാമ്പിളുകളുടെ പരിശോധന ഫലങ്ങള്‍ കഴിഞ്ഞ ദിവസം ലഭിച്ചിരുന്നു. രണ്ട് സാമ്പിളുകളുടെയും ഫലം നെഗറ്റീവ് ആയതിനെ തുടര്‍ന്നാണ് വിദ്യാര്‍ത്ഥിനി രോഗ വിമുക്തയായതായി സ്ഥിരീകരിച്ചത്.
ജനുവരി 29 നാണ് കൊറോണ വൈറസ് രോഗലക്ഷണങ്ങളെ തുടര്‍ന്ന് ചൈനയില്‍ നിന്നെത്തിയ തൃശ്ശൂര്‍ സ്വദേശിനിയായ വിദ്യാര്‍ത്ഥിയെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വിദ്യാര്‍ത്ഥിനിയുടെ സ്രവങ്ങള്‍ പരിശോധിച്ചതില്‍ വൈറസ് ബാധിച്ചതായി സ്ഥിരീകരിക്കുകയായിരുന്നു. തുടര്‍ന്ന് വിദ്യാര്‍ത്ഥിനിയെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഇന്ത്യയിലെ ആദ്യത്തെ കൊറോണ കേസ് ആയിരുന്നു തൃശ്ശൂര്‍ സ്വദേശിനിയുടേത്.
തൃശ്ശൂര്‍ സ്വദേശിനിയ്ക്ക് പിന്നാലെ ചൈനയില്‍ നിന്നും എത്തിയ ആലപ്പുഴ കാസര്‍കോട് സ്വദേശികള്‍ക്കും രോഗം സ്ഥിരീകരിച്ചിരുന്നു. ഇതില്‍ ആലപ്പുഴ സ്വദേശിയെ രോഗം ഭേദമായതിനെ തുടര്‍ന്ന് വീട്ടിലേക്ക് മടക്കി അയച്ചിരുന്നു.