പാലക്കാട്: തമിഴ്നാട്ടില്‍ കെഎസ്ആര്‍ടിസി ബസും കണ്ടെയ്നര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 17 പേർ മരിച്ചതായി സ്ഥിരീകരണം. ഗതാഗത മന്ത്രി എ.കെ ശശീന്ദ്രനാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. അപകടത്തില്‍ 25 പേര് പരിക്കുകളോടെ ആശുപത്രിയിലാണ്. 3 പേരുടെ നില ഗുരുതരമായി തുടരുകയാണ്.
വോള്‍വോ ബസ് ലോറിയുമായി കൂട്ടിയിടിച്ചു വലിയ ഒരു അപകടമാണ് ഉണ്ടായത്. ബസില്‍ ആകെ 48 യാത്രക്കാര്‍ ഉണ്ടായിരുന്നു. മരിച്ചവരില്‍ ജീവനക്കാരും ഉണ്ടെന്നാണ് അറിവ്. രക്ഷപ്രവര്‍ത്തനം നടക്കുന്നുണ്ടെന്നും അപകടപ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് ബന്ധപ്പെടാന്‍ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
എറണാകുളത്തു നിന്നും ബംഗളൂരുവിലേക്ക് പോകുകയായിരുന്ന ബസാണ് പുലര്‍ച്ചെ മൂന്ന് മണിയോടെ അപകടത്തില്‍പ്പെട്ടത്. അമിത വേഗതയും കണ്ടെയ്നർ തെറ്റായ ദിശയിൽകൂടിയാണ് വന്നത് എന്നാണ് അപകട കാരണമെന്ന് ദൃക്സാക്ഷികള്‍ പറയുന്നത് . നാല് വരി പാതയിലാണ് അപകടമുണ്ടായത്. അപകടത്തിനു പിന്നാലെ ബസ് വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്. അപകടത്തില്‍പ്പെട്ടവര്‍ക്ക് എല്ലാ സഹായവും നല്‍കുമെന്ന് തമിഴ്നാട് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.