പത്തടിയിലും പരിസരത്തും വ്യാജ മരുന്ന് നൽകി നിരവധി ജനങ്ങൾക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കിയ കേസിലെ കൂടുതൽ പ്രതികൾ അറസ്റ്റിൽ
എരൂർ: വ്യാജ മരുന്ന് നൽകി ഏരൂർ, പത്തടി പ്രദേശത്ത ജനങ്ങൾക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കിയ കേസിലെ മുഖ്യ പ്രതിയായ ആന്ധ്രാപ്രദേശ്, ഗാർല, ഖമ്മം സ്വദേശിയായ ചെന്നൂർ പ്രസാദ് (34), കേസിലെ അഞ്ചാം പ്രതി ചെന്നൂർ യേലാദ്രി (33) എന്നിവരാണ് ഏരൂർ പോലീസിന്റെ പിടിയിലായത്. വ്യാജ മരുന്നുകൾ വില്പന നടത്തി അവ ഉപയോഗിച്ച ജനങ്ങൾക്ക് ആരോഗ്യ പ്രശ്നങ്ങൾ നേരിട്ടതോടെ പോലീസ് തങ്ങളെ തിരയുന്നതായി തിരിച്ചറിഞ്ഞ പ്രതികൾ സ്വന്തം ദേശത്തേക്ക് മുങ്ങുകയായിരുന്നു. ഇവരെ പിടികൂടുന്നതിനായി ബഹു. കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവി ശ്രീ. ഹരിശങ്കർ IPS ന്റെ നിർദ്ദേശാനുസരണം പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് ആന്ധ്രാപ്രദേശിൽ തിരച്ചിൽ നടത്തി വരവെ, പ്രതികൾ വീണ്ടും കേരളത്തിൽ എത്തിയതായി രഹസ്യ വിവരം ലഭിച്ചതിനെത്തുടർന്ന് ഏരൂർ പോലീസ് ഇവരെ പിടികൂടുകയായിരുന്നു. ഈ കേസിലെ രണ്ട് മുതൽ നാല് വരെയുള്ള പ്രതികൾ നേരത്തേ അറസ്റ്റിലായിരുന്നു. ഏരൂർ എസ്.എച്ച്.ഒ സുഭാഷ് കുമാർ, ജി.എസ്.ഐ അജയൻ, സി.പി.ഒ മാരായ അനസ്, അബീഷ് എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.