കൊട്ടാരക്കര : മുട്ടറയിൽ ബസ് ഇറങ്ങി നടന്നു പോയ സ്ത്രീയുടെ നാല് പവൻ മാല സ്കൂട്ടറിൽ പിൻ തുടർന്ന് എത്തി പൊട്ടിച്ച് കടന്നു കളഞ്ഞ കേസിലെ പ്രതി പൊലീസ് പിടിയിൽ. നെടുമങ്ങാട് മേക്കുംകര പുത്തൻ വീട്ടിൽ ജോസ് (41) ആണ് പിടിയിലായത്. കഴിഞ്ഞ വെള്ളിയാഴ്ച ആയിരുന്നു സംഭവം.
പൂയപ്പള്ളി പോലീസ് സ്റ്റേഷനിൽ സ്ത്രീ നൽകിയ പരാതിയെ തുടർന്ന് കൊല്ലം റൂറൽ ജില്ലാ പൊലീസ് മേധാവി ഹരിശങ്കർ ഐ പി എസിന്റെ നിർദ്ദേശ പ്രകാരം സി ഐ വിനോദ് ചന്ദ്രന്റെ നേതൃത്വത്തിൽ റൂറൽ പൊലീസ് ഷാഡോ ടീം നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. പ്രതി കൊട്ടാരക്കര പളളിക്കൽ ചെമ്പൻ പൊയ്കയിൽ താമസിച്ച് ടാപ്പിംഗ് നടത്തി വരുകയായിരുന്നു. നെയ്യാറ്റിൻകരയിൽ നിന്നും പൊലീസ് കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ട കുപ്രസിദ്ധ മോഷ്ടാവ് എറണാകുളം ബിജുവിന് താമസ സൗകര്യം ഒരുക്കി നൽകിയത് ജോസ് ആയിരുന്നു.
കൂടാതെ മാല പൊട്ടിക്കലുമായി ബന്ധപ്പെട്ട് നിരവധി കേസുകൾ കോട്ടയം, ആര്യനാട്, നെടുമങ്ങാട് സ്റ്റേഷനുകളിൽ പ്രതിയുടെ പേരിൽ ഉള്ളതായി പൊലീസ് പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് തുടരന്വേഷണത്തിനായി പ്രതിയെ പൊലീസ് കസ്റ്റഡിയിൽ വാങ്ങും.
ഷാഡോ ടീം അംഗങ്ങളായ എസ് ഐ മാരായ ഷാജഹാൻ, സജി ജോൺ, ശിവശങ്കരപിള്ള, എ എസ് ഐ മാരായ അജയകുമാർ, ആഷിർ കോഹൂർ, രാധാകൃഷ്ണപിള്ള, ബിനു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്