കൊട്ടാരക്കര : എം.സി.റോഡില്‍ കൊട്ടാരക്കര ഭാഗത്ത് നിന്നും തിരുവനന്തപുരം ഭാഗത്തേക്ക് പോയ പിക്കപ്പ് വാനും അതേദിശയില്‍ സഞ്ചരിക്കുകയായിരുന്ന കാറും എതിര്‍ദിശയിലെത്തിയ ഓട്ടോറിക്ഷയും കൂട്ടിമുട്ടി തീപിടിച്ചു രണ്ട് പേര്‍ക്ക് ഗുരുതര പരിക്ക്. ഇന്നലെ രാത്രി 11 മണിയോടെയാണ് അപകടം നടന്നത്. പിക്കപ്പ് കാറുമായി ഇടിച്ചശേഷം നിയന്ത്രണം വിട്ട് റോഡില്‍ മറിഞ്ഞ് ഓട്ടോയിലേക്ക് ഇടിച്ച് കയറുകയായിരുന്നു, ഇടിയുടെ ആഘാധത്തില്‍ തീപിടിച്ച ഓട്ടോറിക്ഷ പൂര്‍ണ്ണമായും കത്തിനശിച്ചു. ഓട്ടോഡ്രൈവര്‍ സാജന് ഫിലിപ്പ്, കാര്‍ ഓടിച്ചിരുന്ന ടോണി എന്നിവരെ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും പിക്കപ്പിന്റ ഡ്രൈവര്‍ തമിഴ് നാട് സ്വദേശി രാജേഷിനെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. കൊട്ടാരക്കര പത്തനാപുരം എന്നിവടങ്ങളില്‍ നിന്നുമെത്തിയ നാല് യൂണിറ്റ് ഫയര്‍ഫോഴ്സുകളാണ് തീ നിയന്ത്രണവിധേയമാക്കി പൊള്ളലേറ്റവരെ പുറത്തെടുത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അപകടത്തെതുടര്‍ന്ന് എം.സി.റോഡില്‍ മണിക്കൂറുകളോളം ഗതാഗതം നിലച്ചു.
