കൊട്ടാരക്കര: ജനസേവന ന്യായവില ബസാർ എന്ന സൂപ്പർ മാർക്കറ്റിന്റെ ശാഖകൾ തുറന്ന് തരാമെന്നു പറഞ്ഞു വിശ്വസിപ്പിച്ചു പലരിൽ നിന്നായി 15 ലക്ഷത്തിലധികം രൂപ തട്ടിയെടുത്ത ശേഷം കടന്നു കളഞ്ഞു വിശ്വാസ വഞ്ചന നടത്തിയ കേസിൽ പ്രതിയായ സൂപ്പർ മാർക്കറ്റിന്റെ മാനേജിങ് ഡയറക്ടറായി പ്രവർത്തിച്ചു വന്നിരുന്ന തിരുവനന്തപുരം പൂജപ്പുര പാതിരപ്പള്ളി വീട്ടിൽ ഹഫീസ് ആണ് കൊട്ടാരക്കര പോലീസിന്റെ പിടിയിലായത്. പണം തട്ടിയെടുത്ത ശേഷം കടന്നു കളഞ്ഞ പ്രതി ആന്ധ്രാപ്രദേശിലും തമിഴ്നാട്ടിലും കേരളത്തിന്റെ വടക്കൻ ജില്ലകളിലും ഒളിവിൽ കഴിഞ്ഞു വരികയായിരുന്നു. പ്രതി എറണാകുളത്തെ ഒരു രഹസ്യ സങ്കേതത്തിൽ ഒളിവിൽ കഴിഞ്ഞു വരുന്നതായി കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവി ഹരിശങ്കർ ഐ പി എസ് ന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് കൊട്ടാരക്കര ഡി വൈ എസ് പി നാസറുദ്ദിന്റെ നിർദ്ദേശപ്രകാരം കൊട്ടാരക്കര ഇൻസ്പെക്ടർ ടി ബിനുകുമാർ,എസ് ഐ സാബുജി മാസ്, എ എസ് ഐ അജയൻ, എസ് സിപിഒ അനിൽ കുമാർ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്
