ചടയമംഗലം: കൈപ്പള്ളിമുക്കിൽ ആൾപ്പാർപ്പില്ലാത്ത വീട്ടിൽ പഴക്കം ചെന്ന് പുഴുവരിച്ച് നിലയിൽ കാണപ്പെട്ട തുമ്പിക്കുന്ന് സ്വദേശിനി കുഞ്ഞുമോൾ(46) ന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കുളത്തൂപ്പുഴ തച്ചൻകോണം താന്നിവിള വീട്ടിൽ ബാബു(54) നെ ചടയമംഗലം പോലീസ് അറസ്റ്റ് ചെയ്തു. ഈ മാസം നാലാം തീയതിയാണ് കുഞ്ഞുമോളുടെ മൃതദേഹം പുഴുവരിച്ച് ദുർഗന്ധം വമിക്കുന്ന നിലയിൽ കൈപ്പള്ളിമുക്കിലെ ആൾപ്പാർപ്പില്ലാത്ത വീടിന്റെ ചായ്പ്പിൽ കണ്ടെത്തിയത്. ഇത് ദുരൂഹത ഉയർത്തിയിരുന്നു. ബാബുവും, കുഞ്ഞുമോളും കഴിഞ്ഞ ഒന്നര വർഷമായി ഭാര്യ-ഭർത്താക്കന്മാരായി കഴിഞ്ഞ് വരുകയായിരുന്നു. ഇരുവരും മദ്യപിക്കുന്ന സ്വഭാവക്കാരായിരുന്നു. പ്രതി വാങ്ങി വച്ചിരുന്ന മദ്യം അദ്ദേഹം അറിയാതെ കുഞ്ഞുമോൾ രാത്രിയിൽ കഴിച്ച് തീർത്തതിനെ ചൊല്ലി ഇവർ തമ്മിൽ കലഹിക്കുകയും പ്രതിയെ കുഞ്ഞുമോൾ ചീത്തവിളിക്കുകയും ചെയ്തു. ഇതിലുണ്ടായ വൈരാഗ്യം നിമിത്തം ബാബു കുഞ്ഞുമോളെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് പുലർച്ചെ ആരും അറിയാതെ സ്ഥലം വിട്ട ഇയാൾ പല സ്ഥലങ്ങളിലും മാറി മാറി താമസിച്ചു വരുകയായിരുന്നു. പ്രതിയുടെ ഫോട്ടോയും, തിരിച്ചറിയൽ രേഖകളും ലഭിക്കാതിരുന്നത് അന്വേഷണത്തിന് തടസ്സമായിരുന്നു.
കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവി ശ്രീ. ഹരിശങ്കർ ഐ.പി.എസ്സ് ന്റെ നിർദ്ദേശാനുസരണം പുനലൂർ ഡി.വൈ.എസ്.പി അനിൽ ദാസിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം നടത്തി വരവേ പ്രതി ഒളിവിൽ താമസിച്ച് വരുന്ന സ്ഥലത്തെപ്പറ്റി വിവരം ലഭിക്കുകയും ചടയമംഗലം എസ്.എച്ച്.ഒ സജ്ജു.എസ്. ദാസ്, അഞ്ചൽ എസ്.എച്ച്.ഒ സി.എൽ സുധീർ എന്നിവരോടൊപ്പം എസ്. ഐ മാരായ ശരലാൽ, ദീപു, ശ്രീകുമാർ, ഷാജഹാൻ, എ.എസ്.ഐ മാരായ സുധാകരൻ, ജഹാംഗീർ, എസ്.സി.പി.ഒ മാരായ ശ്രീകുമാർ, ദീപു, സുജിത്ത് എന്നിവരുടെ നേതൃത്വത്തിൽ സംഘം തിരിഞ്ഞ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.