കൊട്ടാരക്കര: ശാസ്താംകോട്ട സ്റ്റേഷൻ പരിധിയിൽ പെടുന്ന കാവേരി ക്രഷർ യൂണിറ്റിലെ സെക്യൂരിറ്റി ജീവനക്കാരനായ ശൂരനാട് ആയിക്കുന്നം ശിവൻകുട്ടി നായർ എന്നയാളെ പണവും മൊബൈൽ ഫോണും അപഹരിക്കുകയെന്ന ഉദ്ദേശത്തോടെ കേബിൾ വയർ ഉപയോഗിച്ച് കഴുത്തു മുറുക്കി ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തി 15000 രൂപയും മൊബൈൽ ഫോണും അപഹരിച്ച കേസിലെ മുഖ്യപ്രതിയായ പശ്ചിമബംഗാൾ സ്വദേശി രാജു സർക്കാർ(27) ആണ് സിക്കിമില് വച്ച് കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവി ഹരിശങ്കർ ഐ.പി.എസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലായത്. 2013 മേയിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. കാവേരി ക്രഷർ യൂണിറ്റിലെ സെക്യൂരിറ്റി ജീവനക്കാരനായ ശിവൻകുട്ടി നായർ ക്രഷർ കെട്ടിടത്തിനുള്ളിൽ മരിച്ചു കിടക്കുന്നുവെന്ന വിവരത്തിനു അസ്വാഭാവിക മരണത്തിനു കേസ് രജിസ്റ്റർ ചെയ്തു ഇൻക്വസ്റ്,പോസ്റ്റ് മോർട്ടം നടപടികൾക്ക് ശേഷം മരണം കൊലപാതകമാണെന്ന് സ്ഥിരീകരിച്ചു കൊലപാതകത്തിനുള്ള വകുപ്പ് കൂട്ടിച്ചേർത്തു ശാസ്താംകോട്ട പോലീസ് അന്വേഷണം ആരംഭിച്ചു. നഷ്ടപ്പെട്ട മൊബൈൽ ഫോണിന്റെ വിവരങ്ങൾ ശേഖരിച്ചതിൽ പശ്ചിമബംഗാൾ കേന്ദ്രീകരിച്ചു പ്രതികളുടെ സാന്നിധ്യം തിരിച്ചറിയുകയും കൊലപാതകത്തിന് ശേഷം കാണാതായ രണ്ടു ബംഗാൾ സ്വദേശികളായ തൊഴിലാളികളെ ചുറ്റിപ്പറ്റി അന്വേഷണം ആരംഭിച്ചു. കൊലപാതകത്തിന് ഒരു മാസം മുമ്പ് മാത്രം കേരളത്തിലെത്തുകയും രണ്ടാഴ്ച മുമ്പ് മാത്രം കാവേരി ക്രഷറിൽ ജോലിക്കു പ്രവേശിക്കുകയും ചെയ്ത അന്യസംസ്ഥാന തൊഴിലാളികളുടെ ഫോട്ടോ അടക്കമുള്ള വിവരങ്ങൾ ലഭ്യമായിരുന്നില്ല. ടി കേസിലേക്ക് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു പശ്ചിമബംഗാൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ പ്രതിയുടെ കുടുംബാംഗങ്ങളെ സംബന്ധിക്കുന്ന സുപ്രധാന വിവരങ്ങൾ ലഭിച്ചിരുന്നു. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിൽ കഴിഞ്ഞ രണ്ടു മാസമായി ജില്ലാ പോലീസ് മേധാവി ഹരിശങ്കർ ഐ.പി.എസ് അവർകളുടെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം പ്രതിയെ നിരീക്ഷിച്ചു വരികയായിരുന്നു. തുടർന്ന് സിക്കിമിൽ പ്രതിയുടെ സാന്നിധ്യം മനസിലാക്കുകയും ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം സിക്കിമിലേക്കു തിരിച്ച പ്രത്യേക അന്വേഷണ സംഘത്തിലെ പൊലീസ് ഉദ്യോഗസ്ഥർ സിക്കിമിലെ ഒരു ഉൾനാടൻ ഗ്രാമത്തിൽ ഒളിച്ചു കഴിയുകയായിരുന്ന ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. മുമ്പ് പശ്ചിമബംഗാൾ കേന്ദ്രീകരിച്ചു പോലീസ് നടത്തിയ അന്വേഷണങ്ങളിൽ പൊലീസ് തന്നെ തിരിച്ചറിഞ്ഞു എന്ന് മനസിലാക്കിയ പ്രതി ബംഗാളിൽ നിന്നും സിക്കിമിലേക്കു കടന്നു അവിടെ ഒളിച്ചു താമസിച്ചു വരികയായിരുന്നു. പ്രതികളെ പിടികൂടാത്തതും കേസിനു തുമ്പില്ലാത്തതുമായ കേസുകളിൽ പ്രതികളെ എത്രയും വേഗം പിടികൂടിയും വിവരങ്ങൾ ശേഖരിച്ചും കേസന്വേഷണം പൂർത്തീകരിക്കണമെന്ന ലക്ഷ്യത്തോടെ കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവി ഹരിശങ്കർ ഐ.പി.എസ് മുൻകൈയെടുത്താണ് പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചത്. ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിന്റെ അക്ഷീണ പ്രയത്നത്തിന്റെ ഫലമാണ് പ്രതിയുടെ സാന്നിധ്യം തിരിച്ചറിഞ്ഞു അറസ്റ്റ് ചെയ്യാൻ സാധിച്ചത്. അറസ്റ്റ് ചെയ്ത രാജു സർക്കാർ എന്ന പ്രതിയെ അന്വേഷണ സംഘം നാട്ടിലെത്തിച്ചു. കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവി ഹരിശങ്കർ ഐ.പി.എസ്, കൊട്ടാരക്കര ഡി വൈ എസ് പി നാസറുദ്ദിൻ ശാസ്താംകോട്ട ഇൻസ്പെക്ടർ പ്രശാന്ത് എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിലുൾപ്പെട്ട ശൂരനാട് എസ്.ഐ നിസാറുദ്ദിൻ, എ.എസ്.ഐ അജയകുമാർ, എ.എസ്.ഐ പ്രസന്നകുമാർ, എസ്.സി.പി.ഒ സക്കീർ ഹുസൈൻ എന്നിവരടങ്ങുന്ന സംഘമാണ് സിക്കിമിലെ ഉൾനാടൻ ഗ്രാമമായ റാണിപ്പൂള് എന്ന സ്ഥലത്തു നിന്നും പ്രതിയെ അറസ്റ്റ് ചെയ്തു നാട്ടിലെത്തിച്ചത്.
