കൊട്ടാരക്കര: സംസ്ഥാന പോലീസ് മേധാവിയെ നേരിൽ കണ്ട് പരാതി ബോധിപ്പിക്കുന്നതിനു മുൻകൂറായി പരാതി രജിസ്റ്റർ ചെയ്യുന്നതിനുള്ള സൗകര്യം കൊല്ലം റൂറൽ ജില്ലാ പോലീസ് ഏർപ്പെടുത്തിയിരുന്നു. മുൻകൂർ രജിസ്റ്റർ ചെയ്ത 174 പരാതികളിൽ 153 പേർ നേരിട്ട് ഹാജരായി സംസ്ഥാന പോലീസ് മേധാവിയെ പരാതികൾ ബോധിപ്പിച്ചു. മുൻകൂറായി രജിസ്റ്റർ ചെയ്യാൻ കഴിയാത്തവർക്ക് നേരിട്ട് പരാതി സമർപ്പിക്കാനുമുള്ള സൗകര്യം ഉണ്ടായിരുന്നു. 65 പരാതികൾ അത്തരത്തിൽ ലഭിക്കുകയുണ്ടായി. മൊത്തം 239 പരാതികൾ തുടർ നടപടികൾക്കായി സംസ്ഥാന പോലീസ് മേധാവി സ്വീകരിച്ചു.
ഈ പരാതികൾ പോലീസ് ആസ്ഥാനത്തെ പ്രത്യേക വിഭാഗം പരിശോധിച്ചു സത്വര നടപടികൾ സ്വീകരിക്കും. പരാതികളിലേറെയും കുടുംബ പ്രശ്നങ്ങൾ, സ്വത്തു തർക്കം, വഴി തർക്കം, കുട്ടികളെ കാണാതായത്, ദുരൂഹ സാഹചര്യത്തിലുള്ള മരണങ്ങളുടെ പുനരന്വേഷണം, ജനങ്ങളുടെ സ്വൈര്യ ജീവിതത്തിനുതകുന്ന പൊതുവായ കാര്യങ്ങളിൽ ഉൾപ്പെടുന്ന റോഡ് നവീകരണം, പോലീസ് എയിഡ് പോസ്റ്റ് സ്ഥാപിക്കൽ, ജില്ലയിൽ “ഷി ടാക്സി” ആരംഭിക്കുക, പണമിടപാടുകളുമായി ബന്ധപ്പെട്ട പരാതികൾ, ആശ്രിത നിയമനത്തിന്റെ കാലതാമസം സംബന്ധിച്ചുള്ള പരാതികൾ എന്നിവ സംസ്ഥാന പോലീസ് മേധാവിക്ക് ലഭിച്ചു.
പരാതി പരിഹാര അദാലത്തിനു ശേഷം ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥരുടെ സർവീസ് സംബന്ധമായ വിഷയങ്ങളിൽ സർവീസ് അദാലത്തും നടന്നു. തുടർന്ന് കൊട്ടാരക്കര പോലീസ് സ്റ്റേഷൻ സന്ദർശിച്ച് സ്റ്റേഷൻ കെട്ടിടത്തിന്റെ നവീകരണത്തിനായുള്ള ഉത്തരവും നൽകി. ഔദ്യോഗിക പരിപാടികൾ കഴിഞ്ഞ് കൊട്ടാരക്കര ശ്രീ മഹാഗണപതി ക്ഷേത്രത്തിലെ ദർശനത്തിനും ശേഷമാണ് സംസ്ഥാന പോലീസ് മേധാവി തിരുവനന്തപുരത്തേക്ക് മടങ്ങിയത്.