കൊച്ചി: മദ്യലഹരിയില്‍ വാഹനമോടിച്ച് മാധ്യമ പ്രവര്‍ത്തകന്റെ മരണത്തിനിടയാക്കിയെന്ന കേസില്‍ ഐഎഎസ് ഉദ്യോഗസ്ഥന് ശ്രീറാം വെങ്കിട്ടരാമനു ജാമ്യം നല്‍കിയതിനെതിരെ സര്‍ക്കാര്‍ നല്കിയ അപ്പീല്‍ ഹൈക്കോടതി തള്ളി. ജാമ്യം അനുവദിച്ച തിരുവനന്തപുരം സിജെഎം കോടതി ഉത്തരവു റദ്ദാക്കാന്‍ കാരണമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.
കേസിന്റെ തെളിവുശേഖരണത്തിലടക്കം സര്‍ക്കാരിനുണ്ടായ പിഴവ് കഴിഞ്ഞ ദിവസം കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ശ്രീറാമിന്റെ രക്ത പരിശോധന വൈകിപ്പിച്ചതാണ് ഫലം എതിരാകാന്‍ കാരണമായതെന്നാണ് പ്രധാന ആക്ഷേപം. പത്തുമണിക്കൂറിന് ശേഷമാണ് പൊലീസ് രക്തപരിശോധന നടത്തിയത്. ശീറാം വെങ്കിട്ടരാമന്റെ രക്തപരിശോധനാഫലത്തില്‍ മദ്യത്തിന്റെ അംശം കണ്ടെത്താനായിരുന്നില്ല. ഇതും കേസ് ഡയറിയും പരിശോധിച്ച ശേഷമാണ് ശ്രീറാമിന് ജാമ്യം അനുവദിച്ചുകൊണ്ട് കോടതി ഉത്തരവിട്ടത്.