കൊട്ടാരക്കര: താലൂക്കിൽ ഉൾപ്പെട്ട 27 വില്ലേജുകളുടെ പരിധിയിലും അടിയന്തിര ഘട്ടത്തിൽ ദുരിതാശ്വാസ ക്യാമ്പായി പ്രവർത്തിക്കാൻ സൗകര്യമുള്ള കെട്ടിടങ്ങളുടെ ലിസ്റ്റ് തയ്യാറാക്കിയിട്ടുള്ളതും അതിന്റെ താക്കോലുകൾ വാങ്ങി സൂക്ഷിക്കുവാൻ എല്ലാ വില്ലേജാഫീസർമാർക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. അടിയന്തിരഘട്ടത്തിൽ ഉപയോഗിക്കുന്നതിനായി ഓരോവില്ലേജിന്റെ പരിധിയിലും ഉള്ള ജെസിബി , ക്രെയിൻ, ആശുപത്രികൾ, ആംബുലൻസ്, മെഷീൻ വാൾ ഉള്ള വ്യക്തികൾ എന്നിവയുടെ ലിസ്റ്റ് ഫോൺ നമ്പർ സഹിതം തയ്യാറാക്കിയിട്ടുണ്ട്. ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും യഥാസമയം മേലധികാരികൾക്ക് റിപ്പോർട്ട് ചെയ്യുന്നതിനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന കോൺട്രോൾ റൂം ആരംഭിച്ചിട്ടുണ്ട്. പ്രകൃതി ക്ഷോഭവുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന റോഡ് തടസ്സങ്ങൾ യഥാസമയം മാറ്റുന്നതിന് മറ്റ് വകുപ്പുകളുമായി ബന്ധപ്പെട്ട നടപടികൾ സ്വീകരിക്കുന്നുണ്ട്. ദുരിതാശ്വാസ ക്യാമ്പുകളിൽ ആവശ്യമായ സാധനങ്ങൾ സ്വീകരിക്കുന്നതിനായി താലൂക്കാഫീസിൽ കൗണ്ടർ തുറന്നു ജീവനക്കാരെ നിയോഗിച്ചിട്ടുണ്ട്. മഴക്കെടുതിയുമായുണ്ടാകുന്ന ഏത് അടിയന്തിര സാഹചര്യവും നേരിടാൻ വില്ലേജ് , താലൂക്ക് തലത്തിൽ സജ്ജമാണെന്ന് തഹൽസിദാർ അറിയിച്ചു.
