പരവൂർ: നാട്ടുകാരെയും, പോലീസിനെയും നെട്ടോട്ടമോടിച്ചു മുങ്ങിനടന്ന കുപ്രസിദ്ധ മോഷ്ട്ടാവ് പിടിയിൽ. ആൾതാമസമില്ലാത്ത വീടുകൾ കുത്തിതുറന്നോ, തീയിട്ടോ അകത്തുകയറി ഉണ്ടും , ഉറങ്ങിയും, ടിവി കണ്ടും ദിവസങ്ങളോളം അവിടെ താമസിച്ചു പണവും, സ്വർണ്ണവും കവരുകയും , അവിടെ താമസിച്ചുകൊണ്ട് തന്നെ സമീപത്തുള്ള വീടുകളിൽ കയറി മോഷണം നടത്തുകയും , കയറിയ വീട്ടിൽ ഒന്നുമില്ലെങ്കിൽ ഭിത്തിയിൽ കുറിപ്പും എഴുതി ഒട്ടിച്ചു പോലീസിനെ വെട്ടിച്ചു നടന്ന മൊട്ട ജോസിനെ നാട്ടുകാരുടെ സഹായത്തോടെ പോലീസ് ഇന്നലെ പുലർച്ചെ 2 .30 നു അറസ്റ്റ് ചെയ്തു.
കഴിഞ്ഞ 25 നു രാത്രി ദയാബ്ജി ജംഗ്ഷനിൽ അനിത ഭവനിൽ മോഹൻലാലിൻറെ വീട് കുത്തിത്തുറന്ന് 76 പവൻ സ്വർണ്ണവും പണവും മോഷ്ടിച്ച ശേഷം ഇയാൾ കടന്നു കളഞ്ഞു. തുടർന്നു പോലീസും, വിരലടയാള വിദഗ്ധരും നടത്തിയ പരിശോധനയിൽ പ്രതി ഇയാളാണെന്നു കണ്ടെത്തുകയായിരുന്നു. പിന്നീടുള്ള നാട്ടുകാരുടെയും പോലീസിന്റെയും പരിശ്രമത്തിനു ഒടിവിലാണ് പ്രതി പിടിയിലാകുന്നത്. മോഷണത്തിനു ശേഷം തൊണ്ടിമുതലായ 76 പവൻ സ്വർണ്ണം ഒളിവിൽ കഴിഞ്ഞിരുന്ന വീട്ടുപരിസരത്തെ മരത്തിന്റെ ചുവട്ടിൽ പ്ലാസ്റ്റിക്ക് കവറിലാക്കി കുഴിച്ചിട്ട നിലയിൽ പോലീസ് കണ്ടെടുത്തു.
