കോട്ടയം: സ്വർണ്ണപണയത്തിന്മേൽ കൃഷി വായ്പ അവസാനിപ്പിക്കാൻ നിർദ്ദേശവുമായി കേന്ദ്ര സർക്കാർ. 2019 ഒക്ടോബർ ഒന്നു മുതൽ സ്വർണപ്പണയത്തിന്മേൽ കൃഷിവായ്പ നൽകേണ്ടതില്ലെന്നു കേന്ദ്ര സർക്കാർ ബാങ്കുകൾക്കു നിർദ്ദേശം നൽകി. അനർഹർ ഈ വായ്പയെടുക്കുന്നത് അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ടു കൃഷിമന്ത്രി വി.എസ്.സുനിൽകുമാർ കേന്ദ്ര കൃഷിമന്ത്രിക്കും റിസർവ് ബാങ്ക് ഗവർണർക്കും നൽകിയ കത്തും പരിഗണിച്ചുകൊണ്ടാണ് നടപടി.
സബ്സിഡിയോടുള്ള കൃഷിവായ്പ കിസാൻ ക്രെഡിറ്റ് കാർഡ് (കെസിസി) ഉള്ളവർക്കു മാത്രമാക്കണം, എല്ലാ കെസിസി അക്കൗണ്ടുകളും ആധാറുമായി ബന്ധിപ്പിക്കണം, ആധാറില്ലാത്തവർക്ക് ഏപ്രിൽ ഒന്നു മുതൽ മുൻകാല പ്രാബല്യത്തിൽ സബ്സിഡി നൽകില്ല, ഇതുവരെ വായ്പ ലഭിക്കാത്ത എല്ലാ കെസിസി അംഗങ്ങൾക്കും വായ്പ ലഭ്യമാക്കണം, അപേക്ഷകളിൽ 14 ദിവസത്തിനകം തീരുമാനമെടുക്കണം. തുടങ്ങിയ നടപടികൾ കേന്ദ്ര കൃഷി മന്ത്രാലയം സെക്രട്ടറിയും, ധനമന്ത്രാലയം ഉന്നത ഉദ്യോഗസ്ഥരും പൊതുമേഖലാ ബാങ്ക് മേധാവികളുമായി നടത്തിയ വിഡിയോ കോൺഫറൻസിൽ കേന്ദ്ര കൃഷിമന്ത്രാലയം അറിയിച്ചു.
