കൊട്ടാരക്കര : ഗതാഗത പ്രശ്നങ്ങൾക്കുൾക്കു പരിഹാരങ്ങൾ ഉന്നയിച്ചുകൊണ്ട് പുതിയ നടപടികൾ നിലവിൽ കൊണ്ടുവരുവാൻ പോലീസ് നേതൃത്വത്തിൽ ഗതാഗത അവലോകന സമിതി യോഗം രാവിലെ 11 നു കൊട്ടാരക്കര നഗരസഭ കൗൺസിൽ ഹാളിൽ വെച്ചു നടത്തപ്പെടും. എംഎൽഎ, പി. അയിഷാപോറ്റി യോഗം ഉദ്ഘാടനം ചെയ്യും, നഗരസഭ അധ്യക്ഷ ബി. ശ്യാമളയമ്മ അധ്യക്ഷത വഹിക്കും. എസ്പി ഹരിശങ്കർ യോഗത്തിൽ സംബന്ധിക്കും. ഗതാഗത കുരുക്ക് വർദ്ധിച്ചു വന്നിരിക്കുന്ന ഈ സാഹചര്യത്തിൽ ഫലപ്രദമായ ഒരു നടപടി എടുക്കുക എന്നുള്ള ആശയം അനിവാര്യമായിരിക്കുകയാണ്. നഗരത്തിലെ സമീപ പ്രദേശങ്ങളിൽ അനവധി ഗതാഗത പ്രശ്നങ്ങളാണ് ജനങ്ങൾ നേരിടുന്നത് . അനധികൃതമായുള്ള പാർക്കിങ്, റോഡ് കയ്യേറിക്കൊണ്ടു വ്യാപാര സ്ഥാപനങ്ങൾ നടത്തുന്ന കച്ചവടം, അനധികൃതമായി സ്ഥാപിച്ചിട്ടുള്ള തൂണുകൾ, പെർമിറ്റില്ലാതെ സർവീസ് നടത്തുന്ന ഓട്ടോറിക്ഷകളുടെ ബാഹുല്യം, ഓടനിർമ്മാണങ്ങളുടെ കാല താമസം, തുറന്ന ഓടകൾ, വൺ വേ തടസപ്പെടുത്തിയുള്ള വാഹന യാത്ര, കാൽനട യാത്ര തടസപ്പെടുത്തി റോഡരികിൽ മാലിന്യം തള്ളൽ മുതലായ പ്രശ്നങ്ങൾ ഗതാഗതത്തെ കുഴപ്പിക്കുകയും, ദിവസംപ്രതിയുള്ള വാഹന അപകടങ്ങൾക്കു വഴിവെക്കുകയും ചെയ്യുന്നു. ഈ പ്രശ്നങ്ങൾക്കു ഗുണകരമായ ഒരു പരിഹാരം കണ്ടില്ലായെങ്കിൽ പ്രതിസന്ധികൾ വർദ്ധിച്ചു വരുമെന്നതു തീർച്ചയാണ് . അഞ്ചു വർഷത്തിനുള്ളിൽ പത്തിലേറെ സമിതി യോഗങ്ങൾ ചേർന്നെങ്കിലും ഫലപ്രദമായ ഒരു തീരുമാനം പോലും നടപ്പാക്കിയിട്ടില്ല. എന്നാൽ സമീപകാലത്തു എസ്പി ഹരിശങ്കർ നടത്തിയ ചില നടപടികൾ ഫലത്തിൽ വന്നതുകൊണ്ട് ഇന്നത്തെ സമിതിയോഗം വിജയകരമായി തീരുമെന്നും, ഫലപ്രദമായ തീരുമാനങ്ങൾ രംഗത്തുവരുമെന്നുമുള്ള പ്രതീക്ഷയിലാണു നാട്ടുകാർ .
