കൊട്ടാരക്കര: നെടുവത്തൂർ സർവ്വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ സി.പി.ഐയ്ക്കുള്ളിൽ ഭിന്നത. വിമത സ്ഥാനാർത്ഥിയ്ക്ക് വേണ്ടി നേതാക്കൾ ഉൾപ്പടെ പ്രചരണം നടത്തി. 31ന് രാവിലെ 8 മുതൽ വൈകിട്ട് 5 വരെ നെടുവത്തൂർ ഡി.വി.യു.പി സ്കൂളിൽ വച്ചാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. വനിതാ സംവരണ മണ്ഡലത്തിലേക്ക് മുൻ പ്രസിഡന്റ് യമുന ഗോപാലകൃഷ്ണൻ, ഗീതാഭായി അമ്മ, എം.സി രമണി എന്നിവരും നിക്ഷേപക മണ്ഡലത്തിലേക്ക് ആർ.സഹദേവനും പട്ടികജാതി സംവരണ മണ്ഡലത്തിലേക്ക് വി.ആർ.രാജേഷും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ജനറൽ മണ്ഡലത്തിൽ മാത്രമാണ് മത്സരം നടക്കുന്നത്. ആറ് പേരെയാണ് ഇവിടെ തിരഞ്ഞെടുക്കേണ്ടത്. ഏഴ് സ്ഥാനാർത്ഥികൾ മത്സര രംഗത്തുണ്ട്. സി.പി.ഐയിൽ സ്ഥാനാർത്ഥി നിർണ്ണയ ചർച്ചകൾ മാസങ്ങൾക്ക് മുന്നേ തുടങ്ങിയിരുന്നെങ്കിലും ധാരണയുണ്ടാക്കാൻ കഴിഞ്ഞിരുന്നില്ല. ജില്ലാ അസി.സെക്രട്ടറി ആർ.രാജേന്ദ്രനും മണ്ഡലം നേതാക്കളും ഉൾപ്പടെ പങ്കെടുത്ത യോഗത്തിൽ വച്ച് തയ്യാറാക്കിയ സ്ഥാനാർത്ഥി പട്ടിക ഒരു വിഭാഗം അംഗീകരിച്ചില്ല. സി.പി.ഐ മണ്ഡലം കമ്മിറ്റി അംഗവും ബാങ്കിൽ 20 വർഷമായി ഡയറക്ടർ ബോർഡ് അംഗവുമായി തുടരുന്ന പി.എസ്.സുരേഷ് കുമാറിനെ സ്ഥാനാർത്ഥി പട്ടികയിൽ ഉൾപ്പെടുത്തരുതെന്നാണ് ലോക്കൽ കമ്മിറ്റി സെക്രട്ടറിയും മണ്ഡലം കമ്മിറ്റി അംഗവും ഉൾപ്പെടുന്ന ഒരു വിഭാഗം ആവശ്യപ്പെട്ടത്. ഇത് നടക്കാതെ വന്നപ്പോൾ ഇറങ്ങിപ്പോക്ക് ഉൾപ്പടെ നടന്നു. സി.പി.ഐ നേതാവും ബ്ളോക്ക് പഞ്ചായത്തംഗവുമായിരുന്ന അന്തരിച്ച അന്നൂർ എൻ.മോഹനൻ പിള്ളയുടെ കുടുംബ സഹായ ഫണ്ടായി പി.എസ്.സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ 5 ലക്ഷം രൂപയിൽകൂടുതൽ സമാഹരിച്ചിട്ടും ഈ തുക മോഹനൻ പിള്ളയുടെ കുടുംബത്തിന് കൈമാറിയിരുന്നില്ല. പാർട്ടിയ്ക്കുള്ളിൽ ഇത് വലിയ ചർച്ചകൾക്കും വിവാദങ്ങൾക്കും ഇടയാക്കിയപ്പോൾ അന്വേഷണ കമ്മീഷനെ നിയോഗിച്ചു. അന്വേഷണ കമ്മീഷൻ പി.എസ്. സുരേഷ് കുറ്റക്കാരനാണെന്നും പിരിച്ചെടുത്ത തുക മോഹനൻ പിള്ളയുടെ കുടുംബത്തിന് കൈമാറിയിട്ടില്ലെന്നും കണ്ടെത്തി. ഈ വിഷയം മുന്നിൽ നിൽക്കുമ്പോൾ പി.എസ്.സുരേഷ് കുമാറിനെ ബാങ്ക് ഭരണസമിതിയിലേക്ക് മത്സരിപ്പിക്കുന്നതാണ് പാർട്ടിയിലെ വലിയ വിഭാഗത്തിന് എതിർപ്പുണ്ടാക്കിയത്. സ്ഥാനാർത്ഥി പട്ടികയിൽ പി.എസ്.സുരേഷ് കുമാറിന്റെ പേര് ഉൾപ്പെട്ടതിനാൽ പാർട്ടി നിശ്ചയിച്ച പട്ടികയിൽ ഉള്ള എ.ഐ.വൈ.എഫ് മുൻ മണ്ഡലം പ്രസിഡന്റ് അനന്ദു, മുൻ ഗ്രാമപഞ്ചായത്തംഗം മിനി എന്നിവർ നാമനിർദ്ദേശ പത്രിക നൽകാൻ തയ്യാറായില്ല. പിന്നീട് കമ്മിറ്റികളിൽ ആലോചിക്കാതെ പകരം രണ്ടുപേരെ സ്ഥാനാർത്ഥികളാക്കിയതും പ്രതിഷേധത്തിനിടയാക്കി. വോട്ടർ പട്ടികയിൽ കൃത്രിമം കാട്ടിയതും കർക്കിടക വാവ് ദിവസം തിരഞ്ഞെടുപ്പ് നടത്തുന്നതും ചൂണ്ടിക്കാട്ടി ഹൈക്കോടതിയെ സമീപിച്ചിരുന്നതിനാൽ മത്സരത്തിൽ നിന്നും വിട്ടുനിന്നു. ഇതിനിടയിലാണ് കോട്ടാത്തല സ്വദേശിയായ സി.പി.ഐ മുൻ ലോക്കൽ കമ്മിറ്റി അസി.സെക്രട്ടറി എസ്.ശ്രീകുമാർ വിമത സ്ഥാനാർത്ഥിയായി രംഗത്ത് വന്നത്. ഇടത് മുന്നണിയ്ക്കുവേണ്ടി പരസ്യമായി വോട്ടു ചോദിക്കുകയും പി.എസ്.സുരേഷ് കുമാറിനെതിരെ പ്രചരണം നടത്തുകയുമാണ് വിമത സ്ഥാനാർത്ഥി. അതുകൊണ്ടുതന്നെ മുന്നണിയ്ക്ക് അകത്തും പുറത്തുമുള്ള പിന്തുണ ലഭിക്കുന്നുണ്ട്
