എം .സി റോഡില്‍ അടൂര്‍ മുതല്‍ കഴക്കൂട്ടം വരെ ഓരോ പത്ത് കിലോ മീറ്ററിലും അടുത്ത മാസം മുതല്‍ 24 മണിക്കൂര്‍ വാഹന പരിശോധന ആരംഭിക്കുന്നു. ഇതിനായി ഓരോ പത്ത് കിലോ മീറ്ററിലും സ്ഥിരം പരിശോധക സംഘത്തെ നിയമിക്കും . ഓരോ വാഹനത്തിലും മൂന്നോളം പൊലീസ് ഉദ്യോഗസ്ഥരും ആധുനിക പരിശോധനാ ഉപകരണങ്ങളും ഉണ്ടാകും . അടൂർ മുതൽ കഴക്കൂട്ടം വരെയുള്ള 80 കിലോ മീറ്റര്‍ ദൂര പരിധിയില്‍ വര്‍ദ്ധിച്ചു വരുന്ന വാഹനാപകടങ്ങൾ കണക്കിലെടുത്താണ് പൊലീസ് പ്രത്യേക വാഹന പരിശോധന ആരംഭിക്കുന്നത് . ഇതിനായി 80 കിലോമീറ്റർ എം. സി റോഡിൽ പത്ത് സംഘങ്ങളെ നിയമിക്കും . നിയമം ലംഘിച്ചുള്ള മറികടക്കൽ, മഞ്ഞ വരകളും മുന്നറിയിപ്പ് സൂചകങ്ങളും മറി കടക്കൽ, ഹെൽമെറ്റ് ധരിക്കാതെയും സീറ്റ് ബെൽറ്റ് ഇടാതെയും നിയമം ലംഘിച്ച് യാത്ര ചെയുന്നവർ, മദ്യപിച്ച് വാഹനം ഓടിക്കുന്നവർ, അമിത വേഗതയിൽ വാഹനം ഓടിക്കുന്നവർ എന്നിവരെ പിടികൂടുകയാണ് ഇവരുടെ ജോലി . ഇവർക്ക് മറ്റ് ചുമതലകൾ ഒന്നും നൽകില്ല. ഇവര്‍ക്കായുള്ള പരിശീലന ക്ലാസ്സ് കൊട്ടാരക്കര ജൂബിലി മന്ദിരത്തില്‍ ആരംഭിച്ചു .ഇംഗ്ലണ്ടിൽ ട്രാഫിക് പൊലീസിന്റെ ചുമതല വഹിക്കുന്ന മൈക് ടെല്ലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശീലനം നൽകുന്നത്. ഇതിനായി 168 ഓളം പൊലീസ് ഉദ്യോഗസ്ഥർക്കും, 30 ഓളം മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥർക്കും പരിശീലനം നൽകും. സുരക്ഷിത ഇടനാഴി പദ്ധതിയുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. പരിശീലന ക്ലാസ് കൊല്ലം റൂറല്‍ ജില്ലാ പൊലീസ് മേധാവി കെ.ജി സൈമണ്‍ ഉത്ഘാടനം ചെയ്തു . എ.എസ് . പി ഷാനവാസ് , ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്. പി എം.കെ സുള്‍ഫീക്കർ ,റിട്ട. ഡി.വൈ. എസ്. പി ജേക്കബ് ജെറോം, റ്റി.ആർ.എൽ ഫാക്കൽറ്റീസുമാരായ ടോണി മാത്യു, രവി ശങ്കർ, എന്നിവർ ഉത്ഘാടന ചടങ്ങില്‍ പങ്കെടുത്തു.
