കുണ്ടറ: ഇളമ്പള്ളൂര്‍ ക്ഷേത്രത്തില്‍ ഉത്സവത്തിനിടെ തലയ്ക്ക് അടിയേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു. കുഴിയം തടത്തില്‍ പുത്തന്‍വീട്ടില്‍ സജി (47) ആണ് മരിച്ചത്. പ്രതി പെരുമ്പുഴ സുധീഷ് ഭവനില്‍ വൈദ്യുതി ബോര്‍ഡ് കരാര്‍ ജീവനക്കാരന് സുധാകരന് പിള്ളയെ കുണ്ടറ പോലിസ് അറസ്റ്റുചെയ്തു.
പത്താമുദയദിവസം വൈകിട്ട് ഇളമ്പള്ളൂര്‍ ഗ്രാമപഞ്ചായത്ത് ഓഫീസിനുമുന്വശംവച്ചായിരുന്നു സംഭവമുണ്ടായത്. കുടുംബസമേതം ഉത്സവം കാണാനെത്തിയതായിരുന്നു സജി. ഇവര്‍ സഞ്ചരിച്ച ബൈക്ക് ഗ്രാമപഞ്ചായത്ത് കമ്യൂണിറ്റി ഹാളിനുസമീപമാണ് വച്ചിരുന്നത്. ഭാര്യയും കുഞ്ഞും ഇളമ്പള്ളൂര്‍ റയില്‍വേ ഗേറ്റിനുസമീപം കാത്തുനില്ക്കുമ്പോള് സജി ബൈക്ക് സ്റ്റാര്‍ട്ടുചെയ്ത് തിരക്കിനിടയിലൂടെ മുന്നോട്ടുനീങ്ങി. സുധാകരന് പിള്ള ഇത് ചോദ്യംചെയ്തു. ഇവര്തമ്മില് വാക്കുതര്‍ക്കമായതോടെ കൂടുതല്‍പേര്‍ ഇടപെട്ട് ഇരുവരെയും പിന്തിരിപ്പിച്ചു. മുന്നോട്ടുനീങ്ങിയ സജിയെ സുധാകരന് പിള്ള പിന്നില്‍നിന്നെത്തി ഇരുമ്പുവടിക്ക് തലയ്ക്ക് അടിച്ചുവീഴ്ത്തി. ബോധരഹിതനായി വീണ സജിയെ കുണ്ടറ പോലിസ് എത്തിയാണ് കൊല്ലത്തെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇവിടെ ചികിത്സയിലിരിക്കുമ്പോള്‍ ഞായറാഴ്ച 10 മണിയോടെ മരിച്ചു. ആക്രമണത്തിന് രണ്ട് ദിവസങ്ങള്‍ക്കുശേഷം സുധാകരന് പിള്ളയെ കുണ്ടറ പോലിസ് കസ്റ്റഡിയിലെടുത്തിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റുചെയ്തു.
കൊല്ലം ജില്ലാ ആശുപത്രിയില്‍ പോസ്റ്മാർട്ടം നടത്തി പോളയത്തോട് പൊതുശ്മശാനത്തില്‍ സംസ്കാരം നടത്തി. ആനിയാണ് സജിയുടെ ഭാര്യ. മക്കള്‍: അജിന്, അഭിരാമി.
