കൊച്ചി: കേരളാ കോണ്‍ഗ്രസ് എം ചെയര്‍മാനും എംഎല്‍എയുമായ കെ. എം മാണി അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു അദ്ദേഹം. വൈകീട്ട് 4.57നായിരുന്നു അന്ത്യം.
ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്നാണ് ഏപ്രില്‍ അഞ്ചിന് അദ്ദേഹത്തെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വൃക്കകള്‍ തകരാറില്‍ ആയതിനാല്‍ ഡയാലിസിസ് തുടരുകയായിരുന്നു. മരണ സമയത്ത് ഭാര്യ കുട്ടിയമ്മയും മകന് ജോസ് കെ മാണിയും പേരക്കുട്ടികളും അടക്കമുള്ളവര്‍ മാണിക്കൊപ്പമുണ്ടായിരുന്നു.
ദീര്‍ഘകാലമായി ആസ്മക്ക് ചികിത്സയിലായിരുന്നു അദ്ദേഹം. ഇന്ന് രാവിലെ ആരോഗ്യ നിലയില്‍ പുരോഗതി ഉണ്ടായെങ്കിലും ഉച്ചയ്ക്ക് മൂന്ന് മണിയോടെ നില ഗുരുതരമായി. ഹൃദയമിടിപ്പും രക്തസമ്മര്‍ദ്ദവും കുറയുകയുമായിരുന്നു.
അസുഖത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നതിനാല്‍ തെരഞ്ഞെടുപ്പ് പ്രചാരണപരിപാടികളിലും കെ എം മാണി പങ്കെടുത്തിരുന്നില്ല. യുഡിഎഫ് സര്‍ക്കാരില്‍ ധനകാര്യമന്ത്രിയായിരുന്ന കെ എം മാണി ഏറ്റവുമധികം തവണ ബജറ്റ് അവതരിപ്പിച്ച വ്യക്തി കൂടിയാണ്.