കാസർകോട്: മഞ്ചേശ്വരം എം.എൽ.എയും മുസ്ലിം ലീഗ് ദേശീയ സെക്രട്ടേറിയറ്റ് അംഗവുമായ പി.ബി.അബ്ദുൾ റസാഖ് അന്തരിച്ചു. 65 വയസായിരുന്നു. അസുഖത്തെ തുടർന്ന് കാസർകോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെ 5.45ഓടെയാണ് അദ്ദേഹത്തിൻ്റെ അന്ത്യം. ഖബറടക്കം വൈകീട്ട് അഞ്ചു മണിയ്ക്ക് കാസർകോട് ആലംബാടി ജുമാമസ്ജിദ് ഖബർസ്ഥാനിൽ നടത്തും.
2011 മുതൽ മഞ്ചേശ്വരത്ത് നിന്ന് നിയമസഭാംഗമാണ്. 2016ൽ നടന്ന തിരഞ്ഞെടുപ്പിൽ ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രനെതിരെ 89 വോട്ടിൻ്റെ ഭൂരിപക്ഷത്തിലായിരുന്നു തിരഞ്ഞെടുക്കപ്പെട്ടത്. തിരഞ്ഞെടുപ്പ് ചോദ്യം ചെയ്ത് സുരേന്ദ്രൻ ഹൈക്കോടതിയിൽ നൽകിയ പരാതിയിൽ കേസ് നടന്നുവരികയാണ്.മുസ്ലിം യൂത്ത് ലീഗിൻ്റെ ജനറൽ സെക്രട്ടറിയായിരുന്നു. ചെങ്കള ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റായും കാസർഗോഡ് ജില്ലാ പഞ്ചായത്ത് അംഗമായും പ്രവർത്തിച്ചു. നെല്ലിക്കാട്ടെ പി. ബീരാൻ മൊയ്തീൻ ഇംഗ്ലീഷ് മീഡിയം ഹയർസെക്കൻഡറി സ്കൂളിൻ്റെയും അംബേദ്ക്കർ എഡ്യൂക്കേഷണൽ ട്രസ്റ്റിൻ്റെയും ചെയർമാനാണ്. ചെങ്കള എ.എൽ.പി സ്കൂളിൻ്റെ യും മാനേജരായിരുന്നു.