കൊട്ടാരക്കര : കൊട്ടാരക്കരയിലെ മിനി സിവിൽ സ്റ്റേഷൻ 23 ന് മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിക്കും.സംസ്ഥാന സർക്കാരിൻ്റെ രണ്ടാം വാർഷികാഘോഷങ്ങളുടെ ഭാഗമായാണ് ഉദ്ഘാടനം. നിർമ്മാണം ആരംഭിച്ചു പത്ത് വർഷം പിന്നിടുമ്പോഴാണ് ഒന്നാം ഘട്ടം പൂർത്തിയാക്കി മന്ദിരം ഉദ്ഘാടനം ചെയ്യുന്നത്. 2006 ൽ തറക്കല്ലിട്ടെങ്കിലും നിർമ്മാണം ആരംഭിച്ചത് 2008 ലാണ്. ഏറെ നാൾ തർക്കവും കേസ്സുമായി കരാറുകാരൻ നിർമ്മാണം വൈകിച്ചിരുന്നു. പുതിയ സർക്കാർ എത്തിയതോടെയാണ് തർക്കങ്ങൾ പരിഹരിച്ച് നിർമ്മാണം പുനരാരംഭിച്ചത്. അന്ന് വി.എസ്. അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരുന്ന വേളയിലാണ് മിനി സിവിൽ സ്റ്റേഷൻ നിർമ്മിക്കാൻ 9.65 കോടിരൂപ അനുവദിച്ചത്. രണ്ട് കോടി രൂപ കൂടി അനുവദിച്ച ശേഷമാണ് നിർമ്മാണ പ്രവർത്തനം തുടങ്ങിയത്. 2011 ഡിസംബറിൽ മുഖ്യമന്ത്രിയായിരുന്ന വി.എസ്. അച്യുതാനന്ദൻ ശിലാസ്ഥാപനവും നടത്തി.
താലൂക്ക് ഓഫീസ്, സബ് ട്രഷറി, ജില്ലാ ട്രഷറി, സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ്, വ്യവസായ ഓഫീസ്, ജോ. ആർ.ടി.ഓഫീസ്, താലൂക്ക് സപ്ലൈ ഓഫീസ്, ലീഗൽ മെട്രോളജി ഓഫീസ്, ഠൗൺ എംപ്ളോയ്മെൻ്റ് എക്സ്ചേഞ്ച് ഓഫീസ്, ഊർജ്ജിത കന്നുകാലി വികസന പദ്ധതി ഓഫീസ്, കന്നുകുട്ടി പരിപാല പദ്ധതി ഓഫീസ്, മേഖലാ മൃഗസംരക്ഷണ കേന്ദ്രം, കൃഷി ഭവൻ, ഫുഡ് ഇൻസ്പെക്ടർ ഓഫീസ്, അസി.ലേബർ ഓഫീസ്, ചരക്ക് സേവന നികുതി ഓഫീസ് എന്നിവയാണ് ഉദ്ഘാടന വേളയിൽത്തന്നെ സിവിൽ സ്റ്റേഷനിലേക്ക് മാറ്റി പ്രവർത്തനം തുടങ്ങുക. കൊട്ടാരക്കരയിൽ വിവിധ ഭാഗങ്ങളിലായി വാടക കെട്ടിടങ്ങളിൽ പ്രവർത്തിച്ചിരുന്ന ഓഫീസുകളാണിവ. രണ്ടാം ഘട്ട നിർമ്മാണം കൂടി പൂർത്തീകരിച്ച് ശേഷിക്കുന്ന ഓഫീസുകൾ കൂടി ഇവിടേക്ക് എത്തിയ്ക്കും. രണ്ടാം ഘട്ട നിർമ്മാണത്തിനായി 7 കോടി 20 ലക്ഷം രൂപ കൂടി അനുവദിച്ചിട്ടുണ്ട്. മുകളിൽ ഒരുനില കൂടി പണിയുന്ന വിധത്തിലാണ് ഇതിൻ്റ് പ്ലാൻ തയ്യാറാക്കിയിട്ടുള്ളത്. സിവിൽ സ്റ്റേഷൻ്റെ ഉദ്ഘാടന ചടങ്ങ് കഴിഞ്ഞ ശേഷം രണ്ടാം ഘട്ട നിർമ്മാണം തുടങ്ങാനാണ് തീരുമാനം. രണ്ടാം ഘട്ടം കൂടി പൂർത്തിയാകുന്നതോടെ കൊട്ടാരക്കരയിലെ സർക്കാർ ഓഫീസുകളെല്ലാം ഒരു കുടക്കീഴിൽ ആകും.
എറണാകുളത്തെ സ്വകാര്യ കമ്പനിക്കായിരുന്നു ആദ്യ ഘട്ടത്തിൻ്റെ നിർമ്മാണ ചുമതല. സിവിൽ സ്റ്റേഷൻ്റെ താഴത്തെ നിലയിലാണ് താലൂക്ക് ഓഫീസും ട്രഷറികളും പ്രവർത്തിക്കുക. പാർക്കിംഗ് സ്ഥലവും വേണ്ടത്ര ക്രമീകരിച്ചിട്ടുണ്ട്. 23ന് വൈകിട്ട് 3ന് റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരൻ്റെ അദ്ധ്യക്ഷതയിലാണ് ഉദ്ഘാടനയോഗം. പി ആയിഷാ പോറ്റി എം.എൽ.എ സ്വാഗതം പറയും. ജില്ലയിൽ നിന്നുള്ള എം.പിമാർ, എം.എൽ.എമാർ, മുന്നോക്ക ക്ഷേമ കോർപ്പറേഷൻ ചെയർമാൻ ആർ.ബാലകൃഷ്ണ പിള്ള, നഗരസഭ ചെയർപേഴ്സൺ ബി.ശ്യാമളയമ്മ, മറ്റ് ജനപ്രതിനിധികളും രാഷ്ട്രീയ പാർട്ടി പ്രതിനിധികളും ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുക്കും.