പുനലൂർ: പുനലൂർ ടൌണിൽ റോഡ് ഇടിഞ്ഞുതാഴുന്നതോടെ വാഹനഗതാഗതം നിരോധിച്ചു. ദേശീയപാതയിൽ ചെമ്മന്തൂർ ജങ്ഷനിൽനിന്ന് തിരിഞ്ഞ് മാർക്കറ്റിന് മുന്നിലൂടെ പോസ്റ്റ് ഒാഫിസ് ജങ്ഷനിൽ എത്തുന്നതാണ് റോഡ്. കുറ്റിക്കാട് മുസ്ലിം പള്ളിക്ക് മുന്നിലാണ് കഴിഞ്ഞരാത്രിയിൽ റോഡിൻ്റെ മധ്യഭാഗം ഇടിഞ്ഞു താഴ്ന്നത്. റോഡിന് കുറുകെയുള്ള കലുങ്കിന് മുകൾഭാഗമാണ് തകർന്നത്. ഇതിനോട് ചേർന്ന് റോഡിൻ്റെ ഇരുവശവും വലിയ കുഴികളായിട്ട് നാളുകളേറെയായി. റോഡിൻ്റെ മധ്യഭാഗംകൂടി ഇടിഞ്ഞതോടെ ബാക്കിയുള്ളതും തകരുന്ന നിലയിലാണ്. ഇതിനടുത്തുള്ള റെയിൽവേ ഗേറ്റ് അടക്കുമ്പോൾ വാഹനങ്ങളുടെ നീണ്ട നിരവരുന്നതോടെ കൂടുതൽ ഭാഗം ഇടിയാനും അപകടത്തിനും ഇടയാക്കും.
