കൊട്ടാരക്കര: റേഷൻ കാർഡ് സംബന്ധമായ വിവിധ അപേക്ഷകൾ തിങ്കളാഴ്ച മുതൽ സ്വീകരിച്ച് തുടങ്ങി. വിവധ പഞ്ചായത്തുകൾ തിരിച്ചാണ് അപേക്ഷകൾ സ്വീകരിക്കുന്നത്. പുതിയ റേഷൻ കാർഡിനുള്ള അപേക്ഷ നൽകുന്നതിനും, തിരുത്തുകൾ സംബന്ധിച്ചും, അംഗങ്ങളെ ചേർക്കുന്നതിനും, ഡ്യൂപ്ലിക്കേറ്റ് എടുക്കുന്നതിനും, പേര് ചേർക്കുന്നതിനുമായി വൻ തിരക്കാണ് അനുഭവപ്പെടുന്നത്. റേഷൻ കാർഡ് സംബന്ധമായ അപേക്ഷകൾ വർഷം മുഴുവൻ സ്വീകരിക്കുമെന്നും, അപേക്ഷ സമർപ്പണത്തിനു കാലാവധി ഇല്ലെന്നും കൊട്ടാരക്കര താലൂക്ക് സപ്ലൈ ഓഫീസർ എസ്. എ സെയിഫ് അറിയിച്ചു. തുടക്കമെന്ന നിലയിലാണ് പഞ്ചായത്ത് തിരിച്ച് തീയതി നിശ്ചയിച്ച് സപ്ലൈ ഓഫീസിൽ അപേക്ഷ സ്വീകരിക്കുന്നത്. ഇത് താൽക്കാലിക സംവിധാനം മാത്രമാണ്. ഏതു ദിവസവും ഏതു പഞ്ചായത്തിലെ അപേക്ഷയും സ്വീകരിക്കുന്ന രീതിയിലേക്ക് പഞ്ചായത്തുതല അപേക്ഷ സമർപ്പണം ഇത് കഴിഞ്ഞാലുടൻ മാറും.
