കൊട്ടാരക്കര: താലൂക്കിലെ റേഷന്‍ കാര്‍ഡുടമകളുടെ റേഷന്‍ കാര്‍ഡ് സംബന്ധമായ വിവിധ അപേക്ഷകള്‍ തിങ്കളാഴ്ച്ച മുതല്‍ സ്വീകരിച്ചു തുടങ്ങും. താലൂക്ക് സപ്ലൈ ഓഫീസില്‍ പഞ്ചായത്ത് തിരിച്ചാണ് അപേക്ഷകള്‍ സ്വീകരിക്കുകയെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ എസ്. എ. സെയ്ഫ് അറിയിച്ചു.
ചിതറ, കുമ്മിള്‍ പഞ്ചായത്തുകള്‍ -ജൂണ്‍ 25 , കടക്കല്‍, ഇട്ടിവ- 26, ചടയമംഗലം,നിലമേല്‍ ,ഇളമാട് -27 , ഉമ്മന്നൂര്‍, വെട്ടിക്കവല -28 വെളിയം,വെളിനല്ലൂര്‍,പൂയപ്പള്ളി -29 ,എഴുകോണ്‍, കരീപ്ര, നെടുവത്തൂര്‍-30, പവിത്രേശ്വരം, കുളക്കട- ജൂലൈ 3, മൈലം, മേലില, കൊട്ടാരക്കര മുനിസിപ്പാലിറ്റി-4, അപേക്ഷകള്‍ സ്വീകരിക്കുന്നതിനായി ഫ്രണ്ട് ഓഫീസില്‍ ഹെല്‍പ്പ് ഡെസ്ക്ക് സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
പുതിയ റേഷന്‍ കാര്‍ഡിനുള്ള അപേക്ഷയില്‍ ഉടമയുടെ പാസ്പോര്ട് വലിപ്പത്തിലുള്ള രണ്ടു ഫോട്ടോകള്‍, ആധാര്‍ കാര്‍ഡ്, വൈദ്യുതി,പാചക വാതക കണക്ഷനുകള്‍ സംബന്ധിച്ച വിവരങ്ങളും ബാങ്ക് അക്കൗണ്ട് വിശദാംശങ്ങളും നല്‍കേണ്ടതാണ്. ഡ്യൂപ്ലിക്കേറ്റ് കാര്‍ഡിനുള്ള അപേക്ഷയില്‍ ബന്ധപ്പെട്ട പോലീസ് സ്റ്റേഷനില്‍ നിന്നുള്ള ജി.ഡി നമ്പര്‍ ഉള്‍ക്കൊള്ളിക്കേണ്ടതാണ്.
സ്വീകരിക്കപ്പെട്ട അപേക്ഷകളില്‍ തീര്‍പ്പ് കല്‍പ്പിക്കുന്ന മുറയ്ക്ക് അപേക്ഷകരുടെ ഫോണില്‍ സന്ദേശം ലഭിക്കുന്നതും തുടര്‍ന്ന് ഓഫീസില്‍ എത്തി കൈപ്പറ്റാവുന്നതുമാണ്. നിലവിലുള്ള കാര്‍ഡില്‍ നിന്ന് കുറവ് ചെയ്ത് പുതിയ കാര്‍ഡിന് അപേക്ഷിക്കുന്നവര്‍ മൊബൈല്‍ സന്ദേശം ലഭിക്കുമ്പോള്‍ അസ്സല് റേഷന്‍ കാര്‍ഡ് ഹാജരാക്കിയാല്‍ മതിയാകും. അപേക്ഷയോടൊപ്പം നിലവിലുള്ള കാര്‍ഡിന്റെ പകര്‍പ്പ് ഹാജരാക്കിയാല്‍ മതിയാകുമെന്നും താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു
