കൊട്ടാരക്കര: വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകി യുവതിയെ തട്ടിക്കൊണ്ടുപോയി സ്വർണവും പണവും കവരാൻ ശ്രമിച്ചയാളെ കൊട്ടാരക്കര പൊലീസ് പിടികൂടി. പത്തനാപുരം നടുക്കുന്ന് തോപ്പുവിള പുരയിടത്തിൽ എം അനസ്(35) നെയാണ് കൊട്ടാരക്കര പോലീസ് ചെന്നൈയിൽ നിന്നും പിടികൂടിയത്. ആർമിയിൽ രഹസ്യന്വോഷണ വിഭാഗത്തിൽ ഓഫീസർ ആണെന്ന് പരിചയപ്പെടുത്തി കൊട്ടാരക്കര സ്വദേശിയായ യുവതിയെ ചെന്നൈയിലേക്ക് തട്ടികൊണ്ടു പോയി സ്വർണ്ണവും പണവും കവരാനാണ് ശ്രമിച്ചത്. സാമ്പത്തിക തട്ടിപ്പ് കേസിൽ ഒളിവിലായിരുന്ന ഇയാൾ കേരളത്തിൽ നിന്നും രണ്ടു തവണയും തമിഴ്നാട്ടിൽ നിന്നും ഒരു തവണയും വിവാഹം കഴിച്ചതായി പൊലീസ് പറയുന്നു. യുവതിയെ കാണാനില്ലെന്ന രക്ഷകർത്താക്കളുടെ പരാതിയെതുടർന്ന് കൊട്ടാരക്കര പോലീസ് നടത്തിയ അന്വേഷണത്തിൽ ചെന്നൈയിൽ നിന്നുമാണ് ഇയാളെ പിടികൂടിയത്. കൊട്ടാരക്കരയിലെ ഒരു ഡോക്ടറുടെ മകളെയാണ് യുവാവ് പ്രലോഭിപ്പിച്ച് തട്ടികൊണ്ടു പോയി വിവാഹം കഴിച്ച് പണം തട്ടിയെടുക്കാനുള്ള ശ്രമം നടത്തിയത്. കൊട്ടാരക്കര ഡി വൈ എസ് പി ജെ. ജേക്കബിന് കിട്ടിയ രഹസ്യ വിവരത്തെ തുടർന്ന് സി ഐ ഒ .എ സുനിലിൻ്റെ നേതൃത്വത്തിൽ ആയിരുന്നു അറസ്റ്റ്. കൊട്ടാരക്കര എസ്. ഐ സി കെ മനോജ്, സിവിൽ പൊലീസ് ഓഫിസർമാരായ എസ് അജിത്ത് കുമാർ, സുനിൽ കുമാർ എന്നിവർ ചെന്നൈയിൽ എത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
