കൊട്ടാരക്കര: കെഎസ്ആർടിസി ബസ് ഡ്രൈവർ ബൈക്കപകടത്തിൽ മരിച്ചു. കെഎസ്ആർടിസി കൊല്ലം ഡിപ്പോയിലെ ഡ്രൈവർ കരീപ്ര ചൂരപ്പൊയ്ക സിദ്ധിയിൽ ടി. അനിൽകുമാർ(44) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി 11ന് കൊല്ലം ചിന്നക്കട ഓവർബ്രിഡ്ജിലാണ് അപകടം.
ഡ്യൂട്ടിയ്ക്ക് ശേഷം അനിൽകുമാറും കൊട്ടിയം സ്വദേശിയായ കണ്ടക്ടറും കൂടി ബൈക്കിൽ കൊല്ലത്തു നിന്നും കൊട്ടിയത്തേക്ക് പോകാനായി മേൽപ്പാലത്തിൽ കയറിയപ്പോഴാണ് അപകടമുണ്ടായത്. എതിർ ദിശയിൽ വന്ന ദീർഘദൂര വോൾവോ ബസ് ബൈക്കിൽ ഇടിക്കുകയായിരുന്നു. ഇരുവരേയും ഉടൻ തന്നെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും തലയ്ക്ക് ഗുരുതര പരിക്കേറ്റ അനിൽകുമാർ തിങ്കളാഴ്ച രാവിലെ 10ന് മരിച്ചു. കാലിന് സാരമായി പരിക്കേറ്റ ഒപ്പമുണ്ടായിരുന്ന കണ്ടക്ടറെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന അനിൽ കുമാറിന്റെ മൃതദേഹം ചൊവ്വാഴ്ച കെഎസ്ആർടിസി കൊല്ലം ഡിപ്പോയിൽ പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് പകൽ 11ന് വീട്ടുവളപ്പിൽ സംസ്കരിക്കും. ഈസ്റ്റ് പോലീസ് കേസെടുത്തു. ഭാര്യ: പി സുമ(അധ്യാപിക, ലിറ്റിൽ ഫ്ലവർ സ്കൂൾ, കുണ്ടറ). മക്കൾ: സിദ്ധി, സാന്ത്വന.
കടപ്പാട്:ശ്രീകുമാർ കോട്ടാത്തല