കൊല്ലം: പനയം ചെമ്മക്കാട് അഞ്ചാംകുറ്റി ഇടത്തുണ്ടിൽ സജിയുടെ വീട്ടിൽ സജിയുടെ ഭാര്യ ബിനുവിൻ്റെ നാലു പവൻ്റെ മാലയും, സ്വർണ്ണ വളകളും മോഷ്ടിക്കുകയും, മകൻ നിഖിലിനെ(14) മോഷ്ടാക്കളിലോരാൾ ക്രിക്കറ്റ് ബാറ്റ് കൊണ്ട് തലയ്ക്കടിച്ചു പരിക്കേൽപ്പിക്കുകയും ചെയ്ത കേസിൽ തമിഴ്നാട് മോഷ്ടാക്കൾക്ക് 20 വർഷം കഠിന തടവും ഒരു ലക്ഷം രൂപ വീതം പിഴയും ശിക്ഷ വിധിച്ചു.
തൂത്തുക്കുടി റെയിൽവേ പുറമ്പോക്കിലെ താമസക്കാരായ മണികണ്ഠൻ(50), കുമാർ(30), തമിരശൻ(28) എന്നിവരെയാണു കൊല്ലം ഫസ്റ്റ് അഡിഷനൽ സെഷൻസ് കോടതി ശിക്ഷിച്ചത്. മറ്റൊരു മോഷണക്കേസിൽ ശാസ്താംകോട്ട പൊലീസ് പിടികൂടിയ പ്രതികളെ ചോദ്യം ചെയ്തപ്പോഴാണു സജിയുടെ വീട്ടിലെ കവർച്ച തെളിഞ്ഞത്. കവർച്ച നടത്തിയതിനു 10 വർഷം തടവും 50,000 രൂപ പിഴയും, നിഖിലിനെ ആക്രമിച്ചതിനു 10 വർഷം തടവും 50,000 രൂപ വീതം പിഴയുമാണു ശിക്ഷ. തടവു ശിക്ഷ വെവ്വേറെ അനുഭവിക്കണം. അഞ്ചാലുംമൂട് പൊലീസ് റജിസ്റ്റർ ചെയ്ത കേസിൽ കൊല്ലം വെസ്റ്റ് സി ഐ വി.എസ് ബിജുവാണ് കുറ്റപത്രം സമർപ്പിച്ചത്.
കൊല്ലം റൂറൽ ജില്ലയിലെ എസ് ഐ ബിനോജിൻ്റെ നേതൃത്വത്തിലുള്ള ഷാഡോ പോലീസ് ടീം അംഗങ്ങളാണ് പ്രതികളെ പിടിച്ചതും, ഇത് തെളിയിക്കുകയും ചെയ്തത്.