കൊല്ലം: കെ.ജെ.യു വിന്റെ നേതൃത്വത്തില്‍ മാധ്യമ അവകാശ സംരക്ഷണ മാര്‍ച്ചും ധര്‍ണ്ണയും നടത്തി. പ്രാദേശിക പത്രപ്രവര്‍ത്തക ക്ഷേമനിധി നടപ്പിലാക്കുക, ക്ഷേമനിധി ബോര്‍ഡ് രൂപീകരിക്കുക, മാധ്യമ പ്രവര്‍ത്തകരുടെ തൊഴില്‍ സുരക്ഷിതത്വം ഉറപ്പു വരുത്തുക, പെന്‍ഷനും ആരോഗ്യ സുരക്ഷാ പദ്ധതികളും നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് മാര്‍ച്ച് നടത്തിയത്. കൊല്ലം കളക്ട്രേറ്റ് പടിക്കല്‍ നടത്തിയ ധര്‍ണ്ണ എം.നൗഷാദ് എം.എല്‍.എ ഉത്ഘാടനം ചെയ്തു. പത്രങ്ങളുടെ പിന്നണിയിൽ പ്രവർത്തിക്കുന്നവർക്ക് വേണ്ടത്ര പരിഗണന ലഭിക്കുന്നില്ലായെന്നത് നമ്മുടെ വ്യവസ്ഥിതിയുടെ ഒരു പ്രധാന പ്രശ്നമാണ്. പ്രാദേശിക മാധ്യമ പ്രവർത്തകർക്ക് ക്ഷേമനിധി ഏർപ്പെടുത്തുക എന്നത് തികച്ചും ന്യായമായ ആവശ്യമാണെന്ന് എം.നൗഷാദ് എംഎൽഎ പറഞ്ഞു. ഇതിനു വേണ്ടിയുള്ള ക്രിയാത്മകമായ ഇടപെടൽ ജനപ്രതിനിധി എന്ന നിലയിൽ തൻ്റെ ഭാഗത്ത് നിന്നും ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
കേരളാ ജേര്‍ണ്ണലിസ്റ്റ് യൂണിയന് കൊല്ലം ജില്ലാ പ്രസിഡന്റ് വർഗീസ്.എം.കൊച്ചുപറമ്പിൽ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. യോഗത്തില്‍ മുൻ എംഎൽഎയും എ.ഐ.ടി.യു.സി.ജില്ലാ പ്രസിഡന്റുമായ അഡ്വ.എൻ.അനിരുദ്ധൻ , ഐ.എന്‍.റ്റി.യു.സി. ജില്ലാ ജനറല്‍ സെക്രട്ടറി അയത്തിൽ തങ്കപ്പൻ , യു ടി യു സി ജില്ലാ പ്രസിഡൻ്റ് അഡ്വ.റ്റി.സി.വിജയൻ ,ബി.എം.എസ് ജില്ലാ വൈസ് പ്രസിഡൻ്റ് പരിമണം ശശി, കെ.ജെ.യു. ജില്ലാ സെക്രട്ടറി എസ്.നാരായണൻ ഉണ്ണി ,കെ.ജെ.യു. ജില്ലാ ട്രഷറർ രാജീവ് , കെ.ജെ.യു. ജില്ലാ ജോ. സെക്രട്ടറി മുളവൂർ സതീഷ് എന്നിവര്‍ പ്രസംഗിച്ചു.
തുടർന്ന് ജില്ലാ കളക്ടർ, ജില്ലാ ലേബർ ഓഫീസർ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ ,എന്നിവർക്ക് നിവേദനം നൽകി. ജില്ലാ കമ്മിറ്റിയുടെ നേത്യത്വത്തിൽ നടന്ന മാർച്ച് ആനന്ദവല്ലീശ്വരത്തിൽ നിന്നും തുടങ്ങി ഹൈസ്ക്കൂൾ ജംഗ്ഷൻ വഴി കളക്ട്രേറ്റ് പടിക്കൽ സമാപിച്ചു. മാർച്ചിലും ധർണ്ണയിലും നിരവധി പ്രാദേശിക പത്ര – ദൃശ്യമാധ്യമ പ്രവർത്തകർ പങ്കെടുത്തു.
