ഇടുക്കി : ബന്ധുക്കൾ തമ്മിൽ ഉണ്ടായ വഴക്കിനെ തുടർന്ന് അടിയേറ്റ് അവശനിലയിലായ തൊഴിലാളി പണമില്ലാതെ ചികില്‍സ വൈകിയതിനെത്തുടർന്ന് മരിച്ചു. എസ്റ്റേറ്റ് തൊഴിലാളി ഗണേശന് (40 )ആണ് മരിച്ചത്. ഇടുക്കി പൂപ്പാറ പന്നിയാർ എസ്റ്റേറ്റിൽ വെച്ചാണ് സംഭവം.സംഭവത്തില്‍ ഒളിവില്‍ പോയിരുന്ന പ്രതി ബാലമുരുകന്(38) അടിമാലിയില്‍ പൊലീസിൻ്റെ പിടിയിലായന്നാണ് വിവരം. മരിച്ച ഗണേശൻ്റെ ഭാര്യയുടെ സഹോദരനാണു ബാലമുരുകന്. മദ്യം വാങ്ങി ലായത്തില്‍ എത്തിച്ച് ചില്ലറ വില്‍പ്പന നടത്തുന്ന ഇടപാട് ബാലമുരുകനുണ്ട്. ഞായറാഴ്ച്ച വൈകിട്ട് ഗണേശന് ഇത് വാങ്ങിക്കഴിക്കുകയും ലഹരിയിലായിരുന്ന ഇരുവരും തമ്മില്‍ വഴക്കിടുകയും ചെയ്തു. തുടര്‍ന്ന് ബാലമുരുകന് സമീപത്ത് കിടന്നിരുന്ന വിറകെടുത്ത് ഗണേശനെ നിരവധി തവണ അടിക്കുകയും ആയിരുന്നു,
പരിക്കേറ്റ ഗണേശനെ തിങ്കളാഴ്ച്ച രാവിലെ പൂപ്പാറയിലലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചിരുന്നു. അവശനിലയിലായിരുന്ന ഇയാളെ വിദഗ്ധ ചികില്‍സയ്ക്കായി മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്തു. എന്നാല്‍ ചികില്‍സയ്ക്കു പണമില്ലാതിരുന്നതിനാല്‍ ഭാര്യ ഇയാളെ വീട്ടിലേയ്ക്ക് തിരികെ കൊണ്ടുപോകുകയാണു ചെയ്തത്. തുടര്‍ന്ന് നാട്ടുകാര്‍ ചേര്‍ന്ന് ചൊവ്വാഴ്ച്ച രാവിലെ തേനി മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകുവാന്‍ തയ്യാറെടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ തിങ്കളാഴ്ച്ച രാത്രി നില കൂടുതല്‍ വഷളായി എട്ടരയോടെ മരിക്കുകയായിരുന്നു. തലയ്ക്കും ശരീരത്തിനുമേറ്റ ആന്തരിക പരിക്കാണു മരണ കാരണമെന്നാണു പ്രാഥമിക നിഗമനം. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.