തിരുവനന്തപുരം: സിസ്റ്റര്‍ അഭയ കേസില്‍ രണ്ടാം പ്രതി ഫാ. ജോസ് പുതൃക്കയിലെ പ്രത്യേക സി.ബി.ഐ. കോടതി പ്രതിപ്പട്ടികയില്‍ നിന്നൊഴിവാക്കി. ഫാ. ജോസ് പുതൃക്കയിലിനെതിരെ തെളിവുകളില്ല എന്ന നീരീക്ഷണം ശരിവെച്ചാണ് കോടതി വിധി. ഒന്നാം പ്രതി ഫാ. തോമസ് എം.കോട്ടൂര്‍, മൂന്നാം പ്രതി സിസ്റ്റര്‍ സെഫി എന്നിവരുടെ വിടുതല്‍ ഹര്‍ജി കോടതി തള്ളി. ഇരുവരും കേസില്‍ വിചാരണ നേരിടണമെന്നും കോടതി വ്യക്തമാക്കി.
കേസിൻ്റെ വിചാരണ പ്രത്യേക സി.ബി.ഐ. കോടതിയില്‍ മാര്‍ച്ച് 14ന് തുടങ്ങും. അഭയ മരണപ്പെട്ട് 25 വര്‍ഷത്തിനുശേഷമാണ് വിചാരണ തുടങ്ങുന്നത്. 2008 നവംബര്‍ 18ന് കേസിലെ പ്രതികളെ സി.ബി.ഐ. അറസ്റ്റ് ചെയ്തിരുന്നു. 2009 ജൂലായ് 17ന് കുറ്റപത്രം നല്‍കിയെങ്കിലും വിചാരണ നീണ്ടു.
1992 മാര്‍ച്ച് 27നാണ് കോട്ടയം പയസ് ടെന്ത് കോണ്‍വെന്റിലെ അന്തേവാസിയായ സിസ്റ്റര്‍ അഭയയുടെ മൃതദേഹം കോണ്‍വെന്റിലെ കിണറ്റില്‍ കണ്ടെത്തിയത്. ലോക്കല്‍ പോലീസും ക്രൈംബ്രാഞ്ചും കേസ് അന്വേഷിച്ചു. ക്രൈംബ്രാഞ്ച് കേസ് അട്ടിമറിച്ചെന്നാരോപിച്ച് ഹൈക്കോടതിയില്‍ നല്കിയ ഹര്‍ജിയെത്തുടര്‍ന്നാണ് അന്വേഷണം സി.ബി.ഐ. ഏറ്റെടുക്കുന്നത്.