തിരുവനന്തപുരം: വ്രതംനോറ്റു കാത്തിരുന്ന പ്രശസ്തമായ ആറ്റുകാല്‍ പൊങ്കാല ഇന്ന്. പൊങ്കാലയര്‍പ്പിക്കാന്‍ വിവിധ സ്ഥലങ്ങളില്‍നിന്നു ലക്ഷക്കണക്കിനു ഭക്തര്‍ തലസ്ഥാനത്തെത്തി.
വെള്ളിയാഴ്ച രാവിലെ 10.15-നാണ് പൊങ്കാല തുടങ്ങുന്നത്. പാണ്ഡ്യരാജാവിൻ്റെ വധം നടക്കുന്ന ഭാഗം, തോറ്റംപാട്ടുകാര്‍ പാടിക്കഴിയുമ്പോഴാണ് പൊങ്കാലയുടെ ആരംഭം. തുടര്‍ന്ന് തന്ത്രി തെക്കേടത്ത് കുഴിക്കാട്ട് പരമേശ്വരന് വാസുദേവന്‍ ഭട്ടതിരിപ്പാട് ശ്രീകോവിലില്‍നിന്നു പകര്ന്നുനല്കുന്ന തീ, മേല്‍ശാന്തി വാമനന് നമ്പൂതിരി തിടപ്പള്ളിയിലെ പൊങ്കാലയടുപ്പില്‍ കത്തിക്കും. പിന്നീട് വലിയ തിടപ്പള്ളിയിലും ക്ഷേത്രത്തിനു മുന്നിലെ പണ്ടാരയടുപ്പിലും തീ കത്തിക്കുന്നതോടെ പൊങ്കാലയ്ക്കുള്ള വിളംബരമായി.
അടുപ്പുകളിലേക്ക് ആ തീ പകരുന്നതോടെ ഭക്തമനസ്സിനൊപ്പം നഗരഹൃദയവും അതേറ്റുവാങ്ങും. അതോടെ ക്ഷേത്രത്തിന് 10 കിലോമീറ്റര്‍ ചുറ്റളവില്‍ കാത്തിരിക്കുന്ന ഭക്തരുടെ പൊങ്കാലയടുപ്പുകളില്‍ തീ തെളിയും.
ശനിയാഴ്ച പുലര്‍ച്ചെ മണക്കാട് ശാസ്താക്ഷേത്രത്തില്‍ ഇറക്കിപ്പൂജ കഴിഞ്ഞ് അകത്തെഴുന്നള്ളത്ത്. രാത്രി കാപ്പഴിച്ചു കുടിയിളക്കും. കുരുതിയോടെ ഉത്സവം സമാപിക്കും.