തിരുവനന്തപുരം: രാഷ്ട്രീയ കൊലപാതകങ്ങളും അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധുവിന്റെ കൊലപാതകവും ഉന്നയിച്ച് പ്രതിപക്ഷം പ്രതിഷേധിച്ചതോടെ നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. സഭ മാന്യമായി നടത്താനുള്ള സാഹചര്യമില്ലെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് പറഞ്ഞു. ധനവിനിയോഗ ബില്‍ നിയമസഭയില്‍ ചര്‍ച്ച കൂടാതെ പാസാക്കി.
യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബിന്റെ വധത്തില്‍ സിബി.ഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിക്കുകയായിരുന്നു. പ്രതിപക്ഷം പ്രതിഷേധം തുടര്‍ന്നതോടെ ചോദ്യോത്തരവേള താത്കാലികമായി നിര്‍ത്തിവച്ച് സ്പീക്കര്‍ ഡയസ് വിട്ടു.
മധു, സഫീര്‍ കൊലപാതകങ്ങള്‍ ചര്‍ച്ച ചെയ്യണം എന്നാവശ്യപ്പെട്ട് പ്രതിപക്ഷം നല്കിയ അടിയന്തര പ്രമേയ നോട്ടീസിന് സ്പീക്കര്‍ അനുമതി നല്‍കിയില്ല. അല്പനേരത്തിന് ശേഷം നിയമസഭാ നടപടികള്‍ പുനരാരംഭിച്ചെങ്കിലും പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കിയതോടെ സഭ പിരിയുകയായിരുന്നു.